ബസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കിടയില്‍ സ്ഥിരമായി കണ്ടുവരുന്ന ഒരു തര്‍ക്കമാണ് ബസിലെ സീറ്റ് സംവരണം സംബന്ധിച്ചുള്ളത്. ചിലപ്പോള്‍ അത്തരം തര്‍ക്കങ്ങള്‍ കാരണം അര്‍ഹതപ്പെട്ടവര്‍ക്ക് സീറ്റ് നിഷേധിക്കപ്പെടുന്ന സംഭവവും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അത്തരം പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരവുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുന്നു.
സ്വകാര്യ ബസുകളിലെ കാര്യമാണ് ഉത്തരവില്‍ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. ഓരോ വിഭാഗക്കാര്‍ക്കും അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് കൃത്യത ഉറപ്പു വരുത്താന്‍ സ്റ്റിക്കറുകളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് എത്തുന്നത്.
ബസുകളില്‍ സംവരണസീറ്റുകള്‍ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കണ്ടക്ടര്ക്കാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നേരിട്ടെത്തിയായിരിക്കും ബസുകളില്‍ ഈ സ്റ്റിക്കറുകള്‍ പതിക്കുക.
ബസിലെ ആകെ സീറ്റുകളുടെ 20 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്കായി അനുവദിച്ചിട്ടുണ്ട്. അതുപോലെ സ്ത്രീകള്‍ക്കായി 25 ശതമാനം സീറ്റുകളുമാണ് അനുവദിച്ചിട്ടുള്ളത്.
ഒരു സീറ്റ് ഗര്ഭിണിക്കുള്ളതാണ്. കുഞ്ഞുമായി യാത്രചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ച് ശതമാനം സംവരണമുണ്ട്. അഞ്ച് ശതമാനം ഭിന്നശേഷിക്കാര്‍, അന്ധര്‍ എന്നിവര്‍ക്കാണ്. ശേഷിക്കുന്ന 44 ശതമാനമാണ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുക.