മുക്കം: കോഴിക്കോട് ജില്ലയിൽ സ്വകാര്യ ബസുകൾക്ക് നേരെ വ്യാപക അക്രമം. പൊതുഗതാഗതത്തിന് സർക്കാർ അനുമതി നൽകിയതോടെ ബുധനാഴ്ച സർവീസ് നടത്തിയ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സർക്കാർ നിർദേശ പ്രകാരം ഓടിയ ഈ ബസുകൾ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അടിച്ചുതകർക്കുകയായിരുന്നു. കൊളക്കാടൻ ഗ്രൂപ്പിൻ എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസും ബനാറസ് ഗ്രൂപ്പിന്റെ മാവൂർ ഭാഗത്ത് നിർത്തിയിട്ട ഒരു പ്രൈവറ്റ് ബസും ഒരു ടൂറിസ്റ്റ് ബസും കൂളിമാട് പിഎച്ച്ഡി നിർത്തിയിട്ട എംഎആർ എന്ന ബസുമാണ് അടിച്ചുതകർത്തത്.
അടിച്ചു തകർത്ത ബസ്സുകൾ എല്ലാം ബുധനാഴ്ച സർവീസ് നടത്തിയിരുന്നു. ഇവർക്ക് നേരെ ബസുടമകളുടെ ഭാഗത്തുനിന്ന് ഭീഷണിയും ഉണ്ടായിരുന്നു. സിസിടിവി ഇല്ലാത്ത പ്രദേശങ്ങളിലെ ബസുകൾ നോക്കിയാണ് ആക്രമിച്ചത്. മൂവായിരം രൂപയോളം കയ്യിൽനിന്നും നഷ്ടം സഹിച്ചാണ് ഉടമകൾ ബുധനാഴ്ച ബസ് ഓടിച്ചത്.
കൊളക്കാടൻ ഗ്രൂപ്പിന്റെ അടിച്ചുതകർത്ത ബസുകൾക്ക് പകരമുള്ള രണ്ടു ബസുകൾ ഉൾപ്പെടെ ആറു ബസുകൾ ഇന്നും സർവീസ് നടത്തുന്നുണ്ട്. മുക്കം എരഞ്ഞിമാവിൽ ബസുകൾ തകർത്ത സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് മാസത്തോളം പൊതുഗതാഗതം നിലച്ചതിന് ശേഷം ബസുകൾ സർവീസ് ആരംഭിച്ചത് നിരവധി പേർക്ക് ആശ്വാസമായിരുന്നു. എന്നാൽ ഒരു വിഭാഗം ബസ് ഉടമകൾ നേരത്തെ തന്നെ ബസുകൾ ഓടിക്കുന്നതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.