പത്തനംതിട്ട: പത്തനംതിട്ട – പുനലൂര്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം മുറുകുന്നു. കെഎസ്ആര്‍ടിസി പത്തനംതിട്ട – പുനലൂര്‍ റൂട്ടില്‍ നിര്‍ത്തിവച്ചിരുന്ന ചെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതോടെയാണ് മത്സരയോട്ടം രൂക്ഷമായത്.
തിരുവല്ല – പുനലൂര്‍ റൂട്ടിലെ ചെയിന്‍ സര്‍വീസുകളും പത്തനംതിട്ടയില്‍ നിന്നുള്ള പുനലൂര്‍ ബസുകളും കൂടി എത്തിയതോടെ ഓരോ രണ്ടു മിനിട്ടിലും ബസുണ്ടെന്ന സ്ഥിതിയായി. ഇതിനിടെയിലാണ് പത്തനംതിട്ട – പുനലൂര്‍ റൂട്ടില്‍ സ്വകാര്യബസുകളുടെ പെര്‍മിറ്റ്. കെഎസ്ആര്‍ടിസിയോടു മത്സരിച്ചാണ് സ്വകാര്യബസുകള്‍ പായുന്നത്. ഇതു മത്സര ഓട്ടത്തിനു കാരണമാകുന്നു. പ്രധാനമായും ഒന്നോ രണ്ടോ കമ്പനികളുടെ ബസുകളാണ് ഈ റൂട്ടില്‍ ഓടുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ കൂടി ആകുമ്പോള്‍ വാഹനാപകടങ്ങളും കൂടുന്നു.
കഴിഞ്ഞദിവസം കോന്നി എലിയറയ്ക്കലില്‍ സ്വകാര്യബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകളും മരിച്ചിരുന്നു. അമിതവേഗത്തിലെത്തിയ സ്വകാര്യബസാണ് അപകടത്തിനു കാരണമായത്. മത്സര ഓട്ടത്തിനെതിരെയുള്ള ജനരോഷം രൂക്ഷമായതോടെ ഇതോടെ കഴിഞ്ഞദിവസം ചില സ്വകാര്യബസുകള്‍ നിരത്തുകളില്‍ നിന്നു വിട്ടുനിന്നു.ബസുകളുടെ സമയം നിശ്ചയിക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്.
കെഎസ്ആര്‍ടിസി പുതുതായി ബസുകള്‍ ഓടിക്കുമ്പോള്‍ നിലവിലുള്ള റൂട്ടുകളില്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് സ്വകാര്യബസുടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ സമയം തെറ്റി ഓടുന്നുവെന്നും ഇവര്‍ക്കു പരാതിയുണ്ട്.
എന്നാല്‍ സ്വകാര്യബസുകളില്‍ പലതിനും പെര്‍മിറ്റ് തീര്‍ന്നതാണെന്നും നിയമം മറികടന്നാണ് ഇവയില്‍ പലതും നിരത്തുകളിലുള്ളതെന്നും ആക്ഷേപമുണ്ട്.