കണ്ണൂർ: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർത്തിവച്ച ഇതര ജില്ലകളിലേക്കുള്ള ബസ് സർവീസ് പുനഃസ്ഥാപിച്ചില്ല. ഇന്നു മുതൽ രണ്ടു സമീപ ജില്ലകളെ ബന്ധിപ്പിക്കാൻ ബസ് സർവീസ് നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും ജില്ലയിൽ എത്തിയിട്ടില്ലെന്ന് കെഎസ് ആർടിസി സൂപ്രണ്ട് രാഷ്ട്രദീപികയോട് പറഞ്ഞു. സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങളിൽ ബസുകൾ ഓടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യബസുകളും ഇതര ജില്ലകളിലേക്ക് സർവീസ് നടത്തിയില്ല. ബസ് ഉടമകളുടെ സംഘടനകളുമായി ആലോചിച്ച് വരും ദിവസങ്ങളിൽ ബസ് ഓടിക്കാനാണ് തീരുമാനം. ഇന്നു മുതൽ തൊട്ടടുത്ത ജില്ലകളിലേക്ക് കെ എസ് ആർ ടി സി യും സ്വകാര്യ ബസുകളും ഓടിക്കാനായിരുന്നു സർക്കാർ തീരുമാനം.
എല്ലാ ബസുകളിലും കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കു തന്നെയായിരിക്കുമെന്നും എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ അന്തർ സംസ്ഥാന പൊതുഗതാഗതത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല.