പരിയാരം: ആരു പറഞ്ഞാലും ഞങ്ങള്‍ ഉദ്ദേശിച്ചത് നടത്തുമെന്ന പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ ധാർഷ്ട്യത്തിന്റെ ബലിയാടാണ് ഇന്നലെ ബസ് കാത്തുനില്‍ക്കവെ മിനി ലോറി പാഞ്ഞുകയറി അപകടത്തില്‍ പെട്ട് മരിച്ച ഇ.എം.അസ്സു. നിർമാണത്തിലെ അശാസ്ത്രീയത കാരണം ഏറെ വിവാദം സൃഷ്ടിച്ചതാണ് അപകടം നടന്ന പരിയാരം മെഡിക്കല്‍ കോളജ് സ്റ്റോപ്പിലെ ബസ് ഷെല്‍ട്ടര്‍. ഷെല്‍ട്ടര്‍ ദേശീയപാതയോട് ചേര്‍ന്ന് നില്ക്കുന്നതിനാല് അപകടകരമാണെന്നും പിന്നിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഇത് പണിത പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വത്തോട് പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചെവിക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച് രാഷ്ട്രദീപിക നേരത്തെ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു.
നാട്ടുകാര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിക്ക് പരാതി നല്‍കുകയും, പരാതി പരിഗണിച്ച് ഷെല്‍ട്ടറും ഇതിന് തൊട്ട് സ്ഥാപിച്ച മൂന്ന് കൊടിമരങ്ങളും പൊളിച്ചുമാറ്റണമെന്നും തളിപ്പറമ്പ് താലൂക്ക് വികസനസമിതി ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ ടി.വി.രാജേഷ് എംഎല്‍എ ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വരുമ്പോള്‍ മഴയില്‍ നിയന്ത്രണം വിട്ടാണ് മിനിലോറി ഷെല്‍ട്ടറിലേക്ക് കയറിയതെന്ന് പോലീസ് പറയുന്നു.
ഇത് മുന്നില്‍ കണ്ടാണ് നേരത്തെ തന്നെ ഷെല്‍ട്ടര്‍ പിറകിലേക്ക് മാറ്റി പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ഷെല്‍ട്ടറിന്റെ മധ്യഭാഗത്തെ ഇരുമ്പ് തൂണ് തകര്‍ന്ന് ഒടിഞ്ഞു കിടക്കുന്നതിനാല്‍ ഷെല്‍ട്ടര്‍ താഴേക്ക് താഴ്ന്ന് അപകടാവസ്ഥയിലാണ്. അപകടം നടക്കുമ്പോള്‍ ഇരുപതോളം പേര് ഷെല്‍ട്ടറിനകത്ത് ഉണ്ടായിരുന്നുവെങ്കിലും പുറത്തേക്ക് ഓടിമാറിയതിനാലാണ് ദുരന്തത്തിന്റെ തീവ്രത കുറഞ്ഞത്.
ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കി സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. ബസ് ഷെല്‍ട്ടര്‍ പണിത സ്ഥലത്ത് നേരത്തെ ബസ്ബേ ഉണ്ടായിരുന്നുവെന്നും ഇവിടെ 15.5 മീറ്റര്‍ റോഡിന് വീതിയുണ്ടെന്നും ദേശീയപാത വിഭാഗം അസി.എൻജിനിയര്‍ എം.വി.യമുന പറഞ്ഞു. ദേശീയപാത വിഭാഗം ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കുന്നില്ലെന്നും സന്നദ്ധ സംഘടനകള്‍ നിര്‍മ്മിക്കുന്ന ഷെല്‍ട്ടറുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായതിനാലാണ് നീക്കം ചെയ്യാതിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.