കൂത്തുപറമ്പ്: കൂത്തുപറമ്പ് ബസ്സ്റ്റാൻഡിൽ പാനൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കുള്ള ബസ് ഷെൽട്ടർ അപകടാവസ്ഥയിൽ. മേൽക്കൂര താങ്ങിനിർത്തുന്ന വലിയ ഇരുമ്പുതൂണുകളുടെ അടിഭാഗം ദ്രവിച്ച അവസ്ഥയിലാണുള്ളത്. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ സദാസമയം ബസ് കാത്തിരിക്കുന്ന ഷെൽട്ടറാണിത്.
കംഫർട്ട് സ്റ്റേഷനോട് ചേർന്ന ഭാഗത്തെ രണ്ടു ഇരുമ്പ് തൂണുകളുടെ അടിഭാഗമാണ് കൂടുതൽ ദ്രവിച്ച് മുറിഞ്ഞു വീഴാറായ സ്ഥിതിയിലുള്ളത്. ഇതുകാരണം തൂണും ഒരു ഭാഗത്തേക്ക് ചെരിഞ്ഞിരിക്കുകയാണ്. മാത്രമല്ല, മേൽക്കൂരയുടെ ഷീറ്റും പലയിടത്തായി തകർന്നിട്ടുണ്ട്.
യാത്രക്കാർ നിൽക്കുന്ന സ്ഥലത്തെ ഓവുചാലിന്റെ സ്ലാബുകൾ മിക്കതും തകർന്ന നിലയിലുമാണ്. കാലവർഷം എത്താറായതും സ്കൂൾ തുറക്കുന്നതും കണക്കിലെടുത്ത് ഉടൻ ബസ് ഷെൽട്ടറിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.