പരിയാരം: വീതികൂട്ടി നിര്‍മ്മിച്ച പരിയാരം ദേശീയപാതക്ക് സമീപം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെതിരേ പരാതികള്‍ വ്യാപകമാകുന്നു. റോഡരികില്‍ നിന്ന് ഒരു മീറ്റര്‍ പോലും വിടാതെ നിര്‍മ്മിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതികള്‍ നല്‍കിയിട്ടുണ്ട്.
റോഡ് വീതി കൂട്ടുന്നതിന് മുമ്പ് ഇവിടെ ബസ്ബേ നിര്‍മ്മിച്ചിരുന്നുവെങ്കിലും ഇന്റര്‍ലോക്ക് ചെയ്ത് നിര്‍മ്മിച്ച ബസ്ബേ പൊളിച്ചുമാറ്റിയാണ് വീതി കൂട്ടി ടാര്‍ ചെയ്തത്. ഓരോ മിനുട്ടിലും ചുരുങ്ങിയത് 25 ആളുകളെങ്കിലും ബസ് കയറാനെത്തിച്ചേരുന്ന ഇവിടെ ഷെല്‍ട്ടര്‍ നിര്‍മ്മിക്കേണ്ടത് ആവശ്യമാണെങ്കിലും അത് റോഡില്‍ നിന്ന് ചുരുങ്ങിയത് രണ്ടരമീറ്ററെങ്കിലും മാറ്റി പണിയണമെന്നാണ് ആവശ്യം.
നിലവില്‍ ഇരുമ്പ് ഉപോയോഗിച്ച് പണിത ഷെല്‍ട്ടറിന് ദേശീയപാത വകുപ്പില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് ദേശീയപാത വിഭാഗം അസി.എഞ്ചിനീയര്‍ എം.വി.യമുന പറഞ്ഞു. പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷെല്‍ട്ടറിന്റെ പണി നിര്‍ത്തിവെച്ചിരിക്കയാണ്. ഇത് പിറകിലേക്ക് മാറ്റി സ്ഥാപിക്കുന്നതത് സംബന്ധിച്ച് ആലോചനകള്‍ നടന്നുവരികയാണ്.
ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമായതിനാല്‍ ഷെല്‍ട്ടര്‍ വരുന്നതോടെ അപകടം ഉണ്ടാവുമെന്ന വാദത്തിന് പിന്തുണ കൂടി വന്ന സാഹചര്യത്തിലാണ് നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയവര്‍ തന്നെ പണി നിര്‍ത്തിവെച്ചിരിക്കുന്നത്.
ഇതിനോട് ചേര്‍ന്ന് തന്നെ മൂന്ന് കൊടിമരങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ദേശീയപാതയോരത്തെ കൊടികള്‍ ഉള്‍പ്പെടെ എല്ലാ നിര്മ്മാണങ്ങും പൊളിച്ചുമാറ്റിക്കൊണ്ടിരിക്കെയാണ് കൊടിമരങ്ങള്‍ പുതുതായി സ്ഥാപിച്ചിരിക്കുന്നത്. വെയിറ്റിംഗ് ഷെല്‍ട്ടര്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തളിപ്പറമ്പ് താലൂക്ക് വികസന സമിതി മുമ്പാകെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്.