മലപ്പുറം: പാലക്കാട്, മലപ്പുറം ജില്ലകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഓഡിയോ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.
ഗതാഗത കമ്മീഷണർക്കും ആർടിഒമാർക്കും പരാതി നൽകിയിട്ടും ഫലമില്ലെന്നും കാതടപ്പിക്കുന്ന ഓഡിയോ സിസ്റ്റം ഓഫാക്കാൻ ആവശ്യപ്പെട്ടാൽ ബസ് ജീവനക്കാർ അനുസരിക്കില്ലെന്നും ചൂണ്ടിക്കാട്ടി ജനകീയ കൂട്ടായ്മക്കുവേണ്ടി എം. സെയ്തലവിയും കെ.ടി. ഹൈദരലിയുമാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മീഷൻ കർശന നടപടിക്കു നിർദേശം നൽകുകയായിരുന്നു.
ഗതാഗത കമ്മീഷണർക്കും പാലക്കാട്, മലപ്പുറം റോഡ് ട്രാൻസ്പോർട്ട് ഓഫീസർമാർക്കുമാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. ഉത്തരവ് മലപ്പുറം, പാലക്കാട് ജില്ലാ പോലീസ് മേധാവിമാർക്കും അയച്ചു.