തൃപ്പൂണിത്തുറ: ഉദയംപേരൂർ-വൈക്കം റോഡിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗതയ്ക്ക് താക്കീത് നൽകി ജനങ്ങൾ റോഡിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ എസ്എൻഡിപി സ്കൂളിന് മുൻവശത്താണ് ആദ്യം ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധമാരംഭിച്ചതെങ്കിലും മുളന്തുരുത്തിയിൽനിന്നു നടക്കാവ് ജംഗ്ഷനിലൂടെ കടന്നുപോകുന്ന ബസ് ജീവനക്കാർക്കുകൂടി ബോധവത്കരണം നടത്തേണ്ടതിനാൽ പ്രതിഷേധം നടക്കാവ് ക്ഷേത്രത്തിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.
ഞായറാച്ച ഉച്ചയോടെ സ്കൂളിന് മുൻവശത്ത് അമിതവേഗതയിൽ പാഞ്ഞുവന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്ക് യാത്രക്കാരനായ ജോർജ് എന്ന ഗൃഹനാഥൻ ബസിനടിയിൽ പെട്ട് മരിച്ചിരുന്നു. ഇതിൽ രോഷംപൂണ്ടാണ് രക്ഷിതാക്കൾ അടങ്ങുന്ന ജനക്കൂട്ടം റോഡിലേക്കെത്തിയത്.
5,000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെ പരിസരത്തുമാത്രം ഇതിനോടകം ഒൻപതോളം പേർ അപകടത്തിൽ മരിച്ചിട്ടുണ്ടെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രദേശവാസികൾ പറഞ്ഞു. ജനക്കൂട്ടം കൂടുതൽ എത്തിയതോടെ ഉദയംപേരുർ പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.എ. ഷിബിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം ജനങ്ങളെ നിയന്ത്രിക്കുകയായിരുന്നു. ഏറെ നേരം ബസുകൾ തടഞ്ഞുനിർത്തി മുന്നറിയിപ്പു നൽകിയ ശേഷം പ്രതിഷേധക്കാർ പിരിഞ്ഞുപോയി.