ആലുവ: മൂകാംബിക ദർശനത്തിന് പോയി മടങ്ങിയ ആലുവ സ്വദേശിയെ രണ്ട് മലയാളികൾ ചേർന്ന് മംഗലാപുരം ബസ് സ്റ്റാൻഡിൽ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് മർദ്ദിച്ച് തള്ളി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടിൽ ഷിബു (46) ആണ് ക്രൂരമായ മർദ്ദനത്തിനും കൊള്ളയടിയ്ക്കും ഇരയായത്.
രണ്ട് പവൻ തൂക്കമുള്ള സ്വർണമാല, ഒരു പവൻ തൂക്കമുള്ള കൈചെയിൻ, അര പവൻ തൂക്കമുള്ള മോതിരവും സ്മാർട്ട് വാച്ചും 20,000 രൂപ, എടിഎം, പാൻ കാർഡ് എന്നിവ സൂക്ഷിച്ചിരുന്ന പേഴ്സുമാണ് ബോധം കെടുത്തി തട്ടിയെടുത്തത്. വസ്ത്രങ്ങളും അഴിച്ചെടുത്ത ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്.
കഴിഞ്ഞ മാസം 27ന് മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 28ന് വൈകിട്ട് ഉഡുപ്പി ക്ഷേത്രത്തിലും ഷിബു ദർശനം നടത്തി. രാത്രി ഒമ്പത് മണിയോടെ മംഗലാപുരം ബസ് സ്റ്റാൻഡിലെത്തി. ഒരു മണിക്ക് പുറപ്പെടുന്ന കോട്ടയം ബസിനായി സ്റ്റാൻഡിൽ കാത്തിരുന്നു.
ഈ സമയം മലയാളികളായ രണ്ട് യുവാക്കൾ കോട്ടയത്തേക്കാണെന്ന് പറഞ്ഞ് പരിചയപ്പെട്ടു. കുറച്ചുകഴിഞ്ഞ് അവർ വാങ്ങി നൽകിയ കട്ടൻചായ കുടിച്ചപ്പോഴേക്കും ഛർദ്ദി തോന്നി. മറ്റൊരു പാനീയം കൂടി കൂടിയ്ക്കാൻ തന്നു. തുടർന്ന് അബോധാവസ്ഥയിലായി. ഇടക്ക് ഓർമ്മ വരുമ്പോൾ ഒരു കെട്ടിടത്തിനുള്ളിലായിരുന്നു.
ഇവരുടെ ക്രൂരമായ മർദ്ദനം കാരണം വീണ്ടും ബോധം നഷ്ടപ്പെട്ടു. ദേഹമാസകലം മുറിവും ചതവുമേറ്റിട്ടുണ്ട്. 29ന് പുലർച്ചെ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ ബസ് സ്റ്റാൻഡിന് മുമ്പിൽ ഒരു കടക്ക് മുമ്പിൽ കിടക്കേണ്ടി വന്നു.
മദ്യപാനിയെന്ന നിലയിൽ കടയുടമയും മർദ്ദിച്ചു. പിന്നീട് അതുവഴി വന്ന ഒരു യുവാവ് തന്റെ കൈവശമുണ്ടായിരുന്ന ട്രാക്ക് സ്യൂട്ടും 300 രൂപയും നൽകിയ ശേഷമാണ് മംഗലാപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അടുത്ത ദിവസം ട്രെയിൻ മാർഗം നാട്ടിലേക്ക് മടങ്ങിയെത്തി. ഇന്നലെ ആലുവ ജില്ലാ പോലീസ് മേധാവിക്കും ഷിബു പരാതി നൽകി.