കോഴിക്കോട് : ബസ് യാത്രികര്‍ക്കായുള്ള ബസ്റ്റോപ്പ് ഓട്ടോസ്റ്റാന്ഡിനായി “കൈയേറി’. വയനാട് റോഡില്‍ മാവൂര്‍റോഡ് ജംഗ്ഷന് സമീപത്തുള്ള കുരിശുപള്ളിയ്ക്ക് മുന്നിലെ ബസ്റ്റോപ്പാണ് അനധികൃതമായി ഓട്ടോസ്റ്റാന്ഡാക്കി മാറ്റിയത്. ബസ് കയറാനും ബസില്‍ നിന്നിറങ്ങാനുമുള്ളവര്ക്ക് ഈ സ്റ്റാന്‍ഡ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥായാണുള്ളത്. ബസറ്റോപ്പില് ബസുകള്‍ക്ക് നിര്‍ത്താന്‍ സാധിക്കാത്തതിനാല്‍ മാവൂര്‍ റോഡ് ജംഗ്ഷന് സ്ഥിരം ഗതാഗതകുരുക്കുന്നിന്റെ “ഉത്ഭവ’സ്ഥാനമായി മാറിയിരിക്കുകയാണ്.
കുരിശുപള്ളിയ്ക്ക് മുന്നിലെ ഓട്ടോസ്റ്റാന്ഡാണ് തിരക്കേറിയ മാവൂര്‍റോഡ് ജംഗ്ഷനിലെ ഗതാഗതകുരുക്കിന് പ്രധാനകാരണമെന്നാണിപ്പോള് ബസ്ജീവനക്കാരും കാല്‍നടയാത്രക്കാരും പറയുന്നത്. ബസ് സ്റ്റോപ്പിന് മുന്നിലായാണ് ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഓട്ടോകള്‍ ഇവിടെ നിരയായി നിര്‍ത്തിയിടുന്നതിനെ തുടര്‍ന്ന് ബസുകള്‍ക്ക് റോഡരികിനോട് ചേര്‍ന്ന്കൊണ്ട് സ്റ്റോപ്പില്‍ നിര്‍ത്താന്‍ സാധിക്കില്ല. അതിനാല്‍ ബസുകള്‍ നടുറോഡിലാണ് നിര്‍ത്തുന്നത്.
ഇവിടെ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതോടെ വയനാട് റോഡില്‍ മൃഗാശുപത്രിവരെ ഗതാഗതം തടസപ്പെടുന്നത് പതിവാണ്. ഒന്നിനു പിറകെ ഒന്നായി എത്തുന്ന ബസുകള്‍ പലപ്പോഴും റോഡിന്റെ വലതുവശത്തെ കുരിശുപള്ളിയോട് ചേര്‍ത്ത് നിര്‍ത്തി വരെ യാത്രക്കാരെ ഇറക്കുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്.
റോഡിന് നടുവില്‍ ബസുകള്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ ഓട്ടോയും ഇരുചക്രവാഹനങ്ങളും ഇടത് ഭാഗത്തു കൂടി എത്തുകയും ബസില്‍ നിന്നിറങ്ങുന്നവരെ ഇടിച്ചിടുകയുമുണ്ടാവാറുണ്ട്. സാധാരണയായി സിറ്റി ബസുകളാണ് ഈഭാഗത്ത് നിര്‍ത്തി ആളെ ഇറക്കാറുള്ളത്. അത്തോളി, കൊയിലാണ്ടി, ബാലുശേരി ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് മാവൂറോഡിലേക്ക് കയറിയാണ് നിര്‍ത്തുന്നത്.
ഇവിടെ അഴുക്കുചാലിന്റെ നിര്‍മാണപ്രവൃത്തി നടക്കുന്ന ഭാഗത്താണ് യാത്രക്കാരെ ഇറക്കുന്നത്. ജംഗ്ഷനില്‍ നിന്ന് മാവൂര്റോഡിലേക്ക് കയറുന്ന ഭാഗത്ത് ബസുകള്‍ നിര്‍ത്തിയാല്‍ മറ്റുവാഹനങ്ങള്‍ക്ക് ഇതുവഴി പോവാന്‍ സാധിക്കില്ല. ഇതോടെ ഗതാഗതകുരുക്ക് വീണ്ടും രൂക്ഷമാവും. മഴയുള്ളപ്പോഴും മറ്റും ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
മുമ്പ് മാവൂര്‍റോഡില്‍ കുരിശുപള്ളിയ്ക്ക് മുന്നിലായി ഓട്ടോകള്‍ നിര്‍ത്തിയിടുന്നത് പോലീസ് വിലക്കിയിരുന്നു. ഫാത്തിമ സ്റ്റോപ്പിന് സമീപത്തും മറ്റുമായിരുന്നു ഓട്ടോകള്‍ പതിവായി നിര്‍ത്തിയിടാറുള്ളത്. മാവൂര്‍റോഡ് ബസ്റ്റോപ്പിന് സമീപം ട്രാഫിക് പോലീസ് നോ-പാര്‍ക്കിംഗ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. കൂടാതെ ഇവിടെ പോലീസിനേയും മുമ്പ് വിന്യസിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ മാവൂര്‍റോഡ് ജംഗ്ഷനില്‍ പോലീസുകാരുണ്ടാവാറില്ല. അതിനാല്‍ ഓട്ടോകള്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ നിര്‍ത്തിയിടുന്നതും പതിവാക്കി. ബസുകള്‍ വയനാട് റോഡിലെ കുരുശുപള്ളിയ്ക്ക് മുന്നിലുള്ള ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയാല്‍ ഗതാഗതകുരുക്ക് കുറയുമെന്നും ഇതിനായി ഈ ഭാഗത്ത് നിര്‍ത്തിയിടുന്ന ഓട്ടോകളെ പൂര്‍ണമായും മാറ്റണമെന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും പറയുന്നത്.