ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിലെ ഫീസ് വർധന അംഗീകരിക്കാൻ തയാറാകാതിരുന്ന സ്വകാര്യബസുകൾ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ തടഞ്ഞിട്ടു. ഇന്നലെ രാവിലെ ഒന്‍പതിനാണ് ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരിയുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ സ്റ്റാൻഡിലേക്ക് എത്തിയ ബസുകൾ തടഞ്ഞിട്ടത്.
അതേസമയം ഫീസ് വർധന അംഗീകരിക്കാതെ പ്രതിഷേധവുമായി എത്തിയ സ്വകാര്യ ബസുടമകളും നാട്ടുകാരും കൗണ്‍സിലർമാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി പോലീസ് ഇടപെട്ട് അഞ്ചു ബസുടമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസൊന്നിന് പത്തുരൂപയായിരുന്നു നഗരസഭ സ്റ്റാൻഡ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. ഈവർഷം മുതൽ ഇത് 20 രൂപയാക്കി ഉയർത്തി.
ഫീസിനത്തിലുള്ള 100 ശതമാനം വർധന അംഗീകരിക്കാനാകില്ലെന്നാണ് ബസുടമകൾ തുടക്കത്തിൽ എടുത്ത നിലപാട്. എന്നാൽ പുതിയ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തീകരിച്ചതോടെനഗരസഭ കൗണ്‍സിൽ യോഗം ഫീസ് വർധനയിൽ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
സംഘർഷം അനുഭവപ്പെട്ടതിനെത്തുടർന്ന് ഒറ്റപ്പാലം സിഐ കെ.അബ്ദുൾ മുനീറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇരുപതു രൂപ നല്‍കാതെ ബസ് സ്റ്റാൻഡിൽ പ്രവേശിപ്പിക്കില്ലെന്ന് നഗരസഭാധികൃതർ ഉറച്ച നിലപാട് സ്വീകരിച്ചു. ഇതേ തുടർന്ന് തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ ചിലത് ഇതിന് തയാറായി സ്റ്റാൻഡിൽ കയറി.
തുടർന്ന് പാലക്കാട് റൂട്ടിൽ ഓടുന്ന ചില ബസുകളും സ്റ്റാൻഡിൽ കയറാൻ തുടങ്ങിയതോടെ മുഴുവൻ സ്വകാര്യ ബസുകൾക്കും നഗരസഭാ തീരുമാനം അംഗീകരിക്കാൻ നിർബന്ധിതമായ സാഹചര്യം രൂപംകൊണ്ടു. 12ന് ഭൂരിഭാഗം സ്വകാര്യബസുകളും സ്റ്റാൻഡിൽ പ്രവേശിക്കാൻ തുടങ്ങിയതോടെയാണ് വിജനമായിരുന്ന ബസ് സ്റ്റാൻഡ് വീണ്ടും സജീവമായത്.
നൂറുക്കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളുമാണ് സ്വകാര്യ ബസുകൾ കയറാത്ത സാഹചര്യമുണ്ടായതോടെ വലഞ്ഞത്. നഗരത്തിൽ രൂപംകൊണ്ട രൂക്ഷമായ ഗതാഗതക്കുരുക്ക് നഗരത്തിനു പുറത്തേക്കു കൂടി വ്യാപിച്ചതോടെ മറ്റ് വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത സാഹചര്യം രൂപംകൊണ്ടു.
നഗരത്തിൽ എത്തിയവരും തിരിച്ചുപോകാൻ വാഹനംതേടി അലഞ്ഞവരും മണിക്കൂറുകളോളം ത്രിശങ്കുവിലായി. ഇതിനിടെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഉച്ചയ്ക്കുശേഷം പോകേണ്ട വിദ്യാർത്ഥികളുടെ സാഹചര്യം പോലീസ് നഗരസഭാ അധികൃതരെ ഓർമിപ്പിച്ചു. എന്നാൽ ഏറെ വൈകാതെ ബസുകൾ സ്റ്റാൻഡിൽ കയറാൻ തുടങ്ങിയതോടുകൂടി പ്രശ്നത്തിനു പരിഹാരമായി.