കോട്ടയം: ജനങ്ങളുടെ ദുരിതം കണ്ടിട്ടും കണ്ണുതുറക്കാതെ കോട്ടയം നഗരസഭ. കഴിഞ്ഞ രണ്ടു മാസമായി കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വെയിലത്തും മഴത്തും നിന്നു കഷ്ടപ്പെടുകയാണ്. താത്കാലിക വെയിറ്റിംഗ് ഷെഡ് നിര്‍മിക്കുമെന്ന് നഗരസഭയുടെ വാക്ക് പാഴ്വാക്കായി.
ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ല്കസ് പൊളിച്ചുമാറ്റിയശേഷം ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിട്ടിയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ 13 മുതല്‍ തിരുനക്കര ബസ് സ്റ്റാന്ഡിലുടെ സ്വകാര്യ ബസുകള്‍ കടത്തിവിടാന്‍ തുടങ്ങിയത്. അന്നു തന്നെ സ്റ്റാന്‍ഡിനുള്ളില്‍ താത്കാലിക വെയിറ്റിംഗ് ഷെഡ് വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
യാത്രക്കാര്‍ക്കുവേണ്ടി 15 അടി നീളത്തില്‍ രണ്ടു കാത്തിരിപ്പുകേന്ദ്രം സൗജന്യമായി നിര്‍മിച്ചു നല്കാന് കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനം മുന്നോട്ട് വന്നെങ്കിലും നഗരസഭ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
ഏതാണ്ട് ആറു ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ഇതോടനുബന്ധിച്ചുള്ള ഡിവൈഡറുകളില്‍ പരസ്യബോര്‍ഡുകളും സ്ഥാപിക്കുന്നതിനു പണവുമടച്ച് സ്ഥാപനം എഗ്രിമെന്റ് ഒപ്പിട്ടു നല്‍കുകയും ചെയ്തു. പലവിധത്തിലുള്ള തിരക്കുകാരണം കരാറില്‍ ഒപ്പിടാന്‍ നഗരസഭാ സെക്രട്ടറിക്ക് സാധിച്ചിട്ടില്ല. ദിവസങ്ങള്‍ കഴിയും തോറും തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ജനങ്ങളുടെ ദുരിതം വര്‍ധിക്കുകയാണ്.
സ്വകാര്യ സ്ഥാപനം ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചു നല്കുന്നതില് ചിലര്‍ക്കു ലഭിക്കുന്ന കമ്മീഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിര്‍മാണം അനന്തമായി നീണ്ടുപോകാന്‍ കാരണമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനിടയിലാണു കോട്ടയം നഗരസഭയിലെ മുന്‍ ജീവനക്കാരന് പെന്ഷന് ഫണ്ട് ഇനത്തിലെ കോടികള്‍ തട്ടിയെടുത്തത സംഭവം പുറത്തുവന്നത്. ഈ കേസിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അപ്രതീക്ഷിതമായി പെയ്ത മഴയില്‍ സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന യാത്രക്കാര്‍ അഭയം തേടിയതു സമീപത്ത് താല്കാലികമായ നിര്‍മിച്ച സമരപന്തലിലായിരുന്നു. അടിയന്തരമായി ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികള്‍ നഗരസഭാധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.