ഗാന്ധിനഗർ: അനധികൃത സ്റ്റോപ്പിൽ നിർത്തി സ്വകാര്യബസിൽ യാത്രക്കാരെ കയറ്റുന്നത് മെഡിക്കൽ കോളജിൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം റോഡിന്റെ പ്രവേശന കവാടത്തിൽ സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതു മൂലം രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് തടസമുണ്ടാകുന്നതായിട്ടാണ് പരാതി.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനു വണ്‍വേ സന്പ്രദായം നിലവിൽ വന്ന ശേഷം അത്യാഹിത വിഭാഗത്തിലേക്കും ഹൃദ്രോഗം, ഗൈനക്കോളജി, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം തുടങ്ങി എല്ലാ ഒപികളിലേക്കും വാർഡുകളിലേക്കുമുള്ള റോഡിന്റെ കവാടത്തിലാണ് സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത്.
റോഡിന്റെ എതിർ വശത്താണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. സ്റ്റാൻഡിൽനിന്നും ബസ് പുറപ്പെടേണ്ട സമയത്തിന് അഞ്ചു മിനിറ്റ് മുന്‍പ് ഇറങ്ങി വരുന്ന സ്വകാര്യബസുകൾ ആശുപത്രിക്കകത്തേക്കു പ്രവേശിക്കുന്ന റോഡിന്റെ കവാടത്തിൽ നിർത്തി യാത്രക്കാരെ കയറ്റുന്നു.
രോഗികളുമായി വരുന്ന വാഹനങ്ങൾ മാത്രമല്ല ഡോക്ടർമാർ അടക്കമുള്ള മറ്റ് ജീവനക്കാർ വാഹനത്തിൽ വന്നാലും സ്വകാര്യ ബസുകൾ ഇവിടെ നിർത്തി യാത്രക്കാരെ കയറ്റുന്നതിനാൽ ആശുപത്രിക്കകത്തേക്കുള്ള റോഡിൽ പ്രവേശിക്കുവാൻ ബുദ്ധിമുട്ടുന്നു.
ആംബുലൻസുകൾ സൈറണ്‍ മുഴക്കി വരുകയാണെങ്കിൽ മാത്രമേ റോഡിലെ പ്രവേശന കവാടത്തിൽ യാത്രക്കാരെ കയറ്റുവാനായി കാത്തുകിടക്കുന്ന ബസുകൾ വഴി മാറുകയുള്ളൂ. ഇല്ലെങ്കിൽ ഇവർ സ്റ്റാൻഡിൽ നിന്നും പുറത്തേക്കു പോകേണ്ട സമയം വരെ ഈ റോഡിന്റെ പ്രവേശന കവാടത്തിൽ പാർക്ക് ചെയ്യും.
പ്രവേശനകവാടം റോഡിൽ മാത്രമല,്ല ആശുപത്രി കോന്പൗണ്ടിൽനിന്നു വാഹനങ്ങൾ പുറത്തേക്കു കടക്കുന്ന റോഡിൽ നിന്നിറങ്ങി വരുന്ന യാത്രക്കാരെ കയറ്റുന്നതിനു മോർച്ചറി ഗെയിറ്റിനു മുൻവശത്തു ബസുകൾ നിർത്തിയും യാത്രക്കാരെ കയറ്റുന്നുണ്ട്.
അനധികൃത സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനെതിരെ ഗാന്ധിനഗർ പോലീസ് പലതവണ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസം പിന്നിട്ടു കഴിയുന്പോൾ വീണ്ടും അതേ നിലപാടാണ് സ്വകാര്യ ബസ് ജീവനക്കാർ സ്വീകരിക്കുന്നത്.
അതിനാൽ 24 മണിക്കൂറും വിശ്രമമില്ലാതെ രോഗികളുമായി വാഹനത്തിൽ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കുവാൻ ബന്ധപ്പെട്ട അധികൃതർ സിസിടിവി സ്ഥാപിക്കണമെന്നാണ് ആവശ്യം.