കണ്ണൂർ: കണ്ണൂരിലെ ചില ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ അപകടാവസ്ഥയിലായിട്ട് ദിവസങ്ങളായി. റോഡരികിൽ നിത്യം കാണുന്ന ഈ കാഴ്ചയോട് അധികൃതർ മുഖംതിരിച്ചാണ് നിൽപ്പ്. പൊടിക്കുണ്ട് മുതൽ കാൾടെക്സു വരെയുള്ള റോഡരികിൽ ഇരു ഭാഗങ്ങളിലും സ്ഥാപിച്ച നാലോളം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് അപകടാവസ്ഥയിലായിട്ടുള്ളത്.
ഏതു നിമിഷവും ബസ് കാത്തുനിൽക്കുന്നവരുടെ മേൽ തകർന്നു വീഴാറായ നിലയിലാണ് ഇവയുള്ളത്. ഇരുന്പ് തകിടു പാകിയ ബസ് ഷെൽട്ടറിന്റെ മേൽക്കൂരകൾ പലതും തകർന്ന നിലയിലാണ്. മഴക്കാലം ആരംഭിക്കുന്നതോടെ അപകട സാധ്യത ഏറെയാണ്. ഇത്തരം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ സമീപത്ത് കോളജും സ്കൂളുകളും ഉൾപ്പെടെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
അതുകൊണ്ടുതന്നെ നൂറുകണക്കിന് വിദ്യാർഥികൾ ബസ് കയറുവാൻ ഇവിടെ എത്തുന്നുണ്ട്. നഗരം സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി റോഡരുകിൽ ചെടികൾവച്ചു പിടിപ്പിക്കുകയും വൈദ്യുത തൂണിൽ പെയിന്റടിക്കുകയും ചെയ്യുന്ന കോർപ്പറേഷൻ വിദ്യാർഥികൾ ഉൾപെടെയുള്ള ബസ് യാത്രക്കാരുടെ ജീവൻപോലും അപകടത്തിലാക്കുന്ന ഇത്തരം ബസ് ഷെൽട്ടറുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.