മൂവാറ്റുപുഴ: നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ സ്ഥിതി ദയനീയം. ചോർന്നൊലിച്ചും വെള്ളം കയറിയും ഒട്ടുമിക്ക ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ഉപയോഗശൂന്യമാണ്. ഇതു നൂറുകണക്കിനു യാത്രക്കാരെ വലയ്ക്കുന്നു.
കാലവർഷം പടിവാതിൽക്കൽ എത്തിയിട്ടും ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നവീകരിക്കാനോ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനോ നഗരസഭ തയാറാകാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
അരമനപ്പടി ജംഗ്ഷനിൽ സെന്റർ മാളിനു മുന്നിലുള്ള രണ്ടു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും മഴ പെയ്താൽ മുട്ടിനൊപ്പം വെള്ളം ഉയരുന്ന സ്ഥിതിയാണ്. മഴയത്ത് വെള്ളത്തിൽകൂടി നടന്നു വേണം ബസിൽ കയറാൻ. പ്രായം ചെന്നവർക്കും കുട്ടികൾക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഷൂസ് ധരിച്ചെത്തുന്നവരുടെ സ്ഥിതിയും ദയനീയമാണ്.
കച്ചേരിത്താഴം, കോതമംഗലം ജംഗ്ഷൻ എന്നിവിടങ്ങളിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ചോർന്നൊലിക്കുകയാണ്. മഴ നനയാതിരിക്കണമെങ്കിൽ വെയിറ്റിംഗ് ഷെഡിൽ കുട നിവർത്തിപ്പിടിക്കണം. മഴയുള്ളപ്പോൾ ചെറിയ കാറ്റു വീശിയാൽ കച്ചേരിത്താഴത്തെ വെയിറ്റിംഗ് ഷെഡിന് ഉൾവശം പൂർണമായും നനയുന്ന സ്ഥിതിയാണ്.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഇരിപ്പിട സൗകര്യങ്ങൾ ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ബസിൽ യാത്ര ചെയ്യുന്ന നൂറുകണക്കിനാളുകളാണ് ദിവസവും മൂവാറ്റുപുഴയിൽ എത്തുന്നത്. വെയിറ്റിംഗ് ഷെഡിന്റെ നവീകരണം അടിയന്തരമായി പൂർത്തീകരിച്ചില്ലെങ്കിൽ മഴക്കാലത്ത് ദുരിതം ഇരട്ടിയാകും.