മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി ചുള്ളിക്കാപറമ്പിൽ നടന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം വിവാദമാവുന്നു.
കോവിഡുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പഞ്ചായത്തിലാണ് സാമൂഹിക അകലം പോലും പാലിക്കാതെ ചെറിയ സ്ഥലത്ത് മുപ്പതിലധികം ആളുകൾ ഒരുമിച്ച് കൂടിയത്.
സമൂഹത്തിന് മാതൃക കാണിക്കേണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
ഉദ്ഘാടന വേളയിലും ഉദ്ഘാടന ചടങ്ങുകളിലും യാതൊരു വിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് ആളുകൾ നിൽക്കുന്നതെന്നതും വ്യക്തമാണ്.
ദിവസേന നിരവധി പേർ വെയിലും മഴയുമേറ്റ് ബസ് കാത്തിരിക്കുന്ന അവസ്ഥയിലാണ് പുറായിൽ ബീരാൻ ഹാജിയുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചത്.
നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ചുള്ള്യാർമ്പ് പഴയ എൽ.പിക്കാർ എന്ന വാട്സ്ആപ് കൂട്ടായ്മയും. സ്ഥലം സൗജന്യമായി നൽകിയവരുടെയും നല്ല നിലയിൽ കാത്തിരിപ്പു കേന്ദ്രം നിർമിച്ചവരുടെ യും ഉദ്ദേശ ശുദ്ധിയെ പോലും ഇല്ലാതാക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്.