വടക്കഞ്ചേരി: ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ വടക്കഞ്ചേരി ടൗണിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. പോലീസ് സ്റ്റേഷനുമുന്നിലാണ് എൻഎസ്എസിന്റെ ഈ മാതൃകാ പ്രവർത്തനം. ഇവിടെ വെയിലും മഴയുംകൊണ്ടുവേണം യാത്രക്കാർക്ക് നില്ക്കാൻ. വെയ്റ്റിംഗ് ഷെഡ് വന്നതോടെ ഇതിനു പരിഹാരമാകും.
മദർ തെരേസ യുപി സ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാന്പിന്റെ പ്രധാന പ്രോജക്ടുകളിലൊന്നായിരുന്നു അഭയമെന്ന് പേരിട്ട ഈ പദ്ധതി. മദർ തെരേസ സ്കൂൾ മാനേജ്മെന്റും പോലീസും വിദ്യാർഥികളുടെ ഉദ്യമത്തിന് സഹായവുമായി രംഗത്തെത്തിയപ്പോൾ സപ്തദിന സഹവാസ ക്യാന്പിന് ബസ് കാത്തിരിപ്പുകേന്ദ്രം എന്നത് യാഥാർഥ്യമാക്കാനായി.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളി സെബാസ്റ്റ്യൻ, എസ്.അജീഷ് കുമാർ, കെ.എൻ.കൃഷ്ണകുമാർ, കെ.ഉഷ, ലീഡർ നിജാസ്, ഗോപാലകൃഷ്ണൻ, രമ്യരാജ്, അശ്വതി തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.