കോട്ടയം: പാന്പാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിപ്പടി ജംഗ്ഷനിൽ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയിൽ എത്തുന്ന നിരവധി രോഗികളാണു ബസ് സ്റ്റോപ്പും ബസ് കാത്തിരിപ്പു കേന്ദ്രവും ഇല്ലാത്തതിനാൽ നട്ടംതിരിയുന്നത്.
ആശുപത്രിയിൽ എത്തുന്ന പ്രായമായവർ ഉൾപ്പെടെയുള്ളവർ ഇവിടെ നിന്നും ബസുകൾ കൈകാണിച്ചാൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ ബസുകൾ നിർത്താറില്ല. എല്ലാവരും ഒരുപോലെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഗവണ്മെന്റ് താലൂക്ക് ആശുപത്രിപ്പടിയിൽ ദേശീയ പാതയിലൂടെ പോകുന്ന എല്ലാ ബസുകളും നിർത്തുന്നതിനു ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമുയരുകയാണ്.
നിലവിൽ ആശുപത്രിയിലേക്കു എത്തുന്നവർക്കു ആലാംപള്ളി ജംഗ്ഷനിലിറങ്ങിയോ, പാന്പാടിയിൽ ഇറങ്ങിയോ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതിനു പുറമെ ആശുപത്രി ഭാഗത്ത് പ്രായമായ രോഗികൾ റോഡ് കുറുകെ കടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടിയാണ്.
ഇവിടെ റോഡിന്റെ ഇരുവശത്തും വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനാവശ്യമായ ക്രമീകരണം കൂടി ഏർപ്പെടുത്തണമെന്ന ആവശ്യവുമുയരുന്നുണ്ട്. ബസ് സ്റ്റോപ്പ് അനുവദിക്കുന്നതിനു ദേശീയ പാത വിഭാഗവും ആർടിഒയും ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു പ്രദേശവാസികളും ആശുപത്രിയിൽ എത്തുന്നവരും ആവശ്യപ്പെട്ടു.