മൂവാറ്റുപുഴ: നഗരത്തിലെ ബസ് സ്റ്റോപ്പുകൾക്ക് മുന്നിൽ അനധികൃത പാർക്കിംഗ് വ്യാപകമായത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നെഹ്റു പാർക്കിലും വെള്ളൂർകുന്നത്തുമാണ് അനധികൃത പാർക്കിംഗ് വ്യാപകമായിരിക്കുന്നത്.
ഇവിടെയെത്തുന്ന ബസുകൾക്ക് യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും റോഡിന്റെ മധ്യഭാഗത്ത് നിർത്തേണ്ട അവസ്ഥയാണ്.
ബസ് കാത്തുനിൽക്കുന്നവർ റോഡിലേക്ക് ഇറങ്ങി നിൽക്കേണ്ടിവരുന്നത് അപകടങ്ങൾക്കിടയാകുന്നുണ്ട്. പല ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും തകർന്നിരിക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്. സന്ധ്യയാകുന്നതോടെ ഇവിടം മദ്യപാനികൾ കൈയടക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും ബസ് കാത്തു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.
ഗതാഗതക്കുരുക്കിലാകുന്ന നഗരത്തിൽ ബസ് സ്റ്റോപ്പുകൾക്കു മുന്നിൽ ബസുകൾ നിർത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് പോലീസിനു പുറമെ ഗാർഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും ബസ് സ്റ്റോപ്പുകൾക്കു മുന്നിലെ പാർക്കിംഗ് തടയാൻ ഇവർ ശ്രമിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പലപ്പോഴും ബസുകൾക്ക് പിന്നാലെ യാത്രക്കാർ ഓടുന്ന സ്ഥിതിയാണ്.
കച്ചേരിത്താഴത്ത് ആധുനിക സംവിധാനത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വെള്ളൂർക്കുന്നം മുതൽ പിഒ ജംഗ്ഷൻവരെയുള്ള റോഡ് വികസനം ആരംഭിക്കുന്നതോടെ പല കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചു നീക്കേണ്ടിവരും. പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.