ചങ്ങരംകുളം: ഹൈവെ ജംഗ്ഷനിൽ ബസ് സ്റ്റോപ്പും പൊളിച്ച് നീക്കിയതോടെ നൂറ് കണക്കിന് യാത്രക്കാർ പെരുവഴിയിൽ. ജംഗ്ഷനിൽ പുതുതായി സ്ഥാപിക്കുന്ന ബസ് സ്റ്റേഷന്റെ നിർമാണ പ്രവൃത്തികൾക്കായാണ് നിലവിലെ ബസ്റ്റോപ്പ് പൊളിച്ച് നീക്കിയത്.
ദിനം പ്രതി വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ യാത്രയ്ക്ക് എത്തുന്ന ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ബസ്റ്റോപ്പ് പൊളിച്ച് നീക്കിയതോടെയാണ് കനത്ത ചൂടിൽ നൂറ് കണക്കിന് യാത്രക്കാർ വലയാൻ തുടങ്ങിയത്. സമീപത്തെ മരങ്ങൾ പക്ഷികളുടെ വിസർജ്യം മൂലം വെട്ടിമാറ്റിയിരുന്നു.
ബസ് സ്റ്റേഷന്റെ നിർമാണം ഉടനെ പൂർത്തിയാവുമെന്ന് പറയുന്നുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായത് യാത്രക്കാരെ വലക്കുന്നുണ്ട്. സംസ്ഥാന പാതയിൽ തിരക്കേറിയ റോഡിനോട് ചേർന്ന് യാത്രക്കാർ കൂട്ടം കൂടി നിൽക്കുന്നത് അപകട സാധ്യത ഉണ്ടാക്കുന്നതായും ആശങ്കയുണ്ട്.
ബസുകൾ വിദ്യാർഥികളെ കയറ്റാതെ ഏറെ ദൂരെ നിർത്തി യാത്രക്കാരെ ഇറക്കി പോവുന്നത് വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ മുടക്കി പാതയോരത്ത് നിർമിക്കുന്ന ബസ് സ്റ്റേഷന്റെ നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചെങ്കിലും നിർമാണം കഴിയുന്നത് വരെ വിദ്യാർഥികൾ അടക്കമുള്ള നൂറ്കണക്കിന് യാത്രക്കാർ മാസങ്ങളോളം മഴയും വെയിലുമേറ്റ് ദുരിതത്തിലാവും.