ഒറ്റപ്പാലം: ജനകീയ പ്രതിഷേധം ഫലം കണ്ടതോടെ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിക്കാനെന്ന പേരിൽ പൊളിച്ചവർ പുലിവാലു പിടിച്ചു. ഇവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാനും നവീകരണാനുമതി റദ്ദാക്കാനുമാണ് ഒറ്റപ്പാലം നഗരസഭയുടെ തീരുമാനം.നഷ്ടപരിഹാര തുക ഉപയോഗിച്ച് നഗരസഭ തന്നെ ബസ് കാത്തിരിപ്പുകേന്ദ്രം പൂർവസ്ഥിതിയിലാക്കും.
സെൻഗുപ്ത റോഡ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് കഴിഞ്ഞദിവസം പൊളിച്ചത്.ഇതു നവീകരിക്കാൻ നഗരസഭ സ്വകാര്യവ്യാപാര സ്ഥാപനത്തിന് അനുമതി നല്കിയിരുന്നു. എന്നാൽ നഗരസഭാ എൻജിനീയറുടെ മേൽനോട്ടത്തിൽ മാത്രമേ നവീകരണപ്രവൃത്തികൾ നടത്താവൂവെന്ന് കർശനനിർദേശം പുറപ്പെടുവിച്ചിരുന്നു.ഈ നിബന്ധന മറികടന്ന് വ്യാപാര ഉടമകൾ ഏകപക്ഷീയമായി ഇത് പൊളിച്ചതാണ് വിവാദമായത്.
നവീകരണത്തിനായി നഗരസഭ മുന്നോട്ടവച്ച നിബന്ധനകൾ വ്യാപാര സ്ഥാപന ഉടമകൾ പൂർണമായി ലംഘിച്ചെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. മേൽക്കൂരയടക്കം പൊളിച്ചതിനാണ് നഷ്ടപരിഹാരം ഈടാക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ അന്പതാം വാർഷികത്തിന്റെ ഭാഗമായി നിർമിച്ചതാണ് ബസ് കാത്തിരിപ്പുകേന്ദ്രം. നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി, മുനിസിപ്പൽ എൻജിനീയർ എന്നിവർ സ്ഥലം സന്ദർശിച്ചാണ് നവീകരണാനുമതി കഴിഞ്ഞദിവസം റദ്ദാക്കിയത്.
അതേസമയം മേൽക്കൂര പൊളിച്ച് നവീകരിച്ച് വൈ-ഫൈ സൗകര്യം ഉൾപ്പെടെയുള്ള ഹൈടെക് ബസ് കാത്തിരിപ്പുകേന്ദ്രമാണ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും നഗരസഭയുടെ സ്ഥലം കൈയേറിയിട്ടില്ലെന്നും സ്വകാര്യസ്ഥാപന ഉടമകൾ പറയുന്നു. തുടർനടപടികൾ നഗരസഭയുടെ തീരുമാനപ്രകാരം ചെയ്യുമെന്നും ഇവർ വ്യക്തമാക്കി.
ഒറ്റപ്പാലം-ചെർപ്പുളശേരി റോഡിൽ സെൻഗുപ്ത റോഡ് ജംഗ്ഷനിൽ പുതിയതായി വരുന്ന സ്വകാര്യവ്യാപാര സ്ഥാപനത്തിനു മുന്നിലാണ് നഗരസഭയുടെ ബസ് കാത്തിരിപ്പുകേന്ദ്രം ഉള്ളത്. കഴിഞ്ഞദിവസം വ്യാപാര സ്ഥാപന ഉടമകൾ ഇത് പൊളിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന് നിർമാണപ്രവൃത്തികൾ നിർത്തിവയ്ക്കാൻ നഗരസഭ ഉത്തരവിടുകയായിരുന്നു.
കെട്ടിടത്തിന്റെ നിലവിലുള്ള ഘടന മാറ്റാതെയാണ് നവീകരണത്തിന് നഗരസഭ അനുമതി നല്കിയിരുന്നത്. അതേസമയം ഘടനയിൽ സമൂലമായ മാറ്റംവരുത്തി വലിപ്പം കുറച്ച് വ്യാപാരസ്ഥാപനത്തിന് മുഖം നഷ്ടമാകാത്ത തരത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തെ പരിവർത്തനപ്പെടുത്തുകയായിരുന്നു സ്ഥാപന ഉടമകളുടെ ലക്ഷ്യം.