കോട്ടയം: സ്വകാര്യ ബസ് പണിമുടക്കിൽ ജനങ്ങൾ വലയുന്പോൾ വർക്ക്ഷോപ്പ് ജീവനക്കാരും മുതലാളിമാരും ഏറെ സന്തോഷ ത്തിലാണ്. ഓരോ സ്വകാര്യ ബസ് പണിമുടക്ക് വരുന്പോഴും വർക്ക് ഷോപ്പ് മുതലാളിമാരുടെ കീശയിൽ വീഴുന്നത് ആയിരങ്ങളാണ്. ജില്ലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ചെറിയ ചെറിയ അറ്റ കുറ്റപണികൾ നടത്തുന്നത് വീണു കിട്ടുന്ന ഇത്തരം അവസര ങ്ങളിലാണ്.
സ്വകാര്യ ബസ് പണിമുടക്ക് ഏകദേശം ഉറപ്പായപ്പോൾ മുതൽ ജില്ലയിലെ പ്രമുഖ ബസ് വർക്ക് ഷോപ്പുകളിലും ചെറുകിട വർക്ക് ഷോപ്പുകളിലും ബസുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. വാഹനങ്ങൾ രാവിലെ എത്തിച്ചാൽ വൈകുന്നേരം പണി തീർത്ത് പുറത്തിറക്കി തരാമെന്ന വ്യവസ്ഥ യിലാണ് ബുക്കിംഗ് ആരംഭിച്ചത് തന്നെ. ഇതിനായി ഇന്നലെ തന്നെ വാഹനങ്ങൾ വർക്ക് ഷോപ്പുകളിൽ എത്തിച്ച ബസുടമകളുമുണ്ട്.
ദൂരസ്ഥലങ്ങളിൽ നിന്നുള്ള വർക്ക് ഷോപ്പ് ജീവനക്കാരെ മുതലാളിമാർ തന്നെ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ രാവിലെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ചെറിയ ചെറിയ അറ്റകുറ്റപണികളാണ് ഈ സമയങ്ങളിൽ ചെയ്തു കൊടുക്കുന്നത്. ബസുകൾ കഴുകുന്ന സർവീസ് സെന്‍ററുകളും രാവിലെ തന്നെ സജീവമായി.