സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്കു കടന്നിട്ടും പ്രശ്ന പരിഹാരത്തിനു ചർച്ച പോലും നടത്താതെ സർക്കാർ.
സർക്കാർ ഇതുവരെ ചർച്ചയ്ക്കു വിളിച്ചിട്ടില്ലെന്നാണ് അനിശ്ചിതകാല സമരത്തിലുള്ള ബസ് ഉടമകളുടെ യൂണിയനുകൾ പറയുന്നത്. അതേസമയം, ഇക്കാര്യത്തിൽ ഇനിയും ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.
ചാർജ് വർധന കാര്യത്തിൽ തീരുമാനമായതാണ്. അത് എപ്പോൾ, എങ്ങനെ നടപ്പിലാക്കുമെന്നും പറയാനാകില്ല. ചാർജ് വർധന എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല.
പല കാര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകൾ ആലോചിക്കണം.
നിരക്ക് വർധന 30നു ശേഷം
ബസ് ചാർജ് വർധനയ്ക്കൊപ്പം ഓട്ടോ- ടാക്സി നിരക്ക് വർധിപ്പിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്. ഒരു പാക്കേജായി മാത്രമേ നിരക്ക് വർധന പ്രഖ്യാപിക്കൂ.
30നു ചേരുന്ന എൽഡിഎഫ് യോഗം ഇക്കാര്യം ചർച്ച ചെയ്തതിനു ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂയെന്നും മന്ത്രി പറയുന്നു.
അതേസമയം, നിരക്ക് വർധന അംഗീകരിച്ചിട്ടും അത് നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നത് മന്ത്രിയുടെ ശാഠ്യം കൊണ്ടാണെന്നാണ് ബസ് ഉടമകളുടെ ആരോപണം.
ഗതാഗത മന്ത്രിയുടെ നിലപാടാണ് പണിമുടക്കിലേക്ക് എത്തിച്ചത്. പണിമുടക്കിനു നോട്ടീസ് നൽകിയാൽ ചർച്ച നടത്താൻ വിളിക്കുന്നതാണ് മര്യാദ. ഗതികേടു കൊണ്ടാണ് സമരം ചെയ്യുന്നതെന്നും സമരക്കാർ വ്യക്തമാക്കി.
ജനം പെരുവഴിയിൽ
ബസ് സമരം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ മിക്ക ജില്ലകളിലെയും പൊതുഗതാഗതം ഏറെക്കുറെ സ്തംഭിച്ച മട്ടിലാണ്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വല്ലാതെ വലയുകയാണ്.
കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനം ഫലമുണ്ടാക്കിയില്ല.തിരുവനന്തപുരത്ത് ഒരു വിഭാഗം സ്വകാര്യ ബസുകൾ പണിമുടക്കിൽ പങ്കെടുക്കാത്തതും കെഎസ്ആർടിസി കുത്തകയാക്കി വെച്ചിരിക്കുന്നതും മൂലം സമരം വലിയ തോതിൽ ബാധിച്ചിട്ടില്ല.
എന്നാൽ, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ പണിമുടക്ക് ഏറെക്കുറെ പൂർണമാണ്.