കോട്ടയം: സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാക്ലേശം രൂക്ഷമായി. കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും അതൊന്നും യാത്രാക്ലേശം പരിഹരിക്കാനാവുന്നില്ല. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കച്ചവടം കുറഞ്ഞു. ബസ്സ്റ്റാൻഡുകളിലെ ഷോപ്പിംഗ് കോംപ്ലക്സുകൾ പലതും അടഞ്ഞു കിടക്കുകയാണ്. സമരം ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി.
കോട്ടയം ജില്ലയിൽ കെഎസ്ആർടിസി എല്ലാ ഡിപ്പോകളിലും അധിക സർവീസ് നടത്തിയത് വരുമാനം വർധിക്കാനിടയാക്കി. എന്നാൽ പല മേഖലയിലും ഇപ്പോഴും യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ചില മേഖലകളിലേക്ക് സമാന്തര സർവീസ്് നടത്തുന്നതു മാത്രമാണ് ആശ്വാസം. ഇന്നലെ മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കുമെന്നു കരുതിയെങ്കിലും ചർച്ച അലസിയതോടെ ആ ഒരു പ്രതീക്ഷയും മങ്ങി.
സ്കൂളുകളിലും ഓഫീസുകളിലും ഹാജർ നില കുറവാണ് എന്നാണ് റിപ്പോർട്ട്. നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ 90 ശതമാനവും സ്വകാര്യ ബസുകളിലാണ് സ്ഥാപനങ്ങളിൽ എത്തുന്നത്. ഇവർ ഇപ്പോൾ കെഎസ്ആർടിസിയെ മാത്രം ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. കെഎസ്ആർടിസി ഇല്ലാത്ത പ്രദേശങ്ങളിലെ വിദ്യാർഥികളുടെ കാര്യം പരിതാപകരമാണ്. കെഎസ്ആർടിസി ബസുകളിലെ തിരക്ക് നിയന്ത്രിക്കാനാവുന്നില്ല.
യാത്രക്കാർ കുറഞ്ഞതോടെ എല്ലാ തരം കടകളിലും കച്ചവടം കുറഞ്ഞു. ചായക്കടയിലും പലചരക്ക് കടയിലും മാത്രമല്ല ബാർബർ ഷോപ്പുകളെ വരെ ബസ് സമരം ബാധിച്ചുവെന്നാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. സ്വകാര്യ ബസ് സമരം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചെന്നും എത്രയും വേഗം സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ജനങ്ങളുടെ ഭാഗത്തു നിന്ന് ഉയർന്നിട്ടുണ്ട്.
ഇതിനിടെ സ്വകാര്യ ബസുകൾ പലതും അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകളിൽ കയറ്റി തകൃതിയായ പണി നടത്തുകയാണ്. പല വർക്ക് ഷോപ്പുകളിലും മറ്റു വാഹനങ്ങളുടെ പണിക്കു പോലും സമയമില്ലാതെ ബസുകളുടെ പണി നടക്കുകയാണ്. അതേ സമയം ബസ് ചർജ് വർധിപ്പിച്ചതിന്റെ മറവിൽ പലയിടത്തും ഓട്ടോ ചാർജ് സ്വയം വർധിപ്പിച്ച് ഓട്ടോ ഡ്രൈവർമാരും രംഗത്തു വന്നിട്ടുണ്ട്. മിനിമം 20 രൂപ വാങ്ങിയിരുന്ന ചിലർ അത് 30 രൂപയാക്കി വർധിപ്പിച്ചു. എല്ലാം കൊണ്ടും പൊറുതി മുട്ടുന്നത് ജനങ്ങളാണെന്നതാണ് സത്യം.
ഇന്നലെ കഞ്ഞിക്കുഴിയിൽ നിന്ന് മണർകാട്ടേക്ക് കെഎസ്ആർടിസി ബസിൽ കയറിയ യാത്രക്കാരി 19 രൂപ നല്‍കേണ്ടി വന്നു. ഇത് പാന്പാടി വരെയുള്ള ചാർജാണെന്നു പറഞ്ഞാണ് കണ്ടക്ടർ 19 രൂപയുടെ ടിക്കറ്റ് നല്‍കിയത്. ടൗണ്‍ ടു ടൗണ്‍ ആണോ അതോ സൂപ്പർഫാസ്റ്റാണോ എന്നു യാത്രക്കാരി നോക്കിയില്ല. ഇത്തരത്തിൽ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നതാണ് സമരമെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സമരം നീണ്ടാൽ ദോഷം ജനങ്ങൾക്കു തന്നെ. നേട്ടം സർക്കാരിന്.