തിരുവനന്തപുരം: ബുധനാഴ്ച ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും തുടർന്നു നിയമസഭയിലും വിഷയം ചർച്ച ചെയ്യുമെന്നും സർക്കാർ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സംഘടനാ ഭാരവാഹികൾ മാധ്യമങ്ങളെ അറിയിച്ചു.
വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജ് നിരക്കു വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകളുടെ സംഘടകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.
140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസ് പെർമിറ്റുകൾ റദ്ദുചെയ്ത നടപടി പിൻവലിക്കുക, വർധിപ്പിച്ച റോഡ് ടാക്സും ഇൻഷ്വറൻസ് പ്രീമിയവും പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉന്നയിക്കുന്നു.