കോട്ടയം/കൊച്ചി: ബസ് ചാര്‍ജ് വര്‍ധനയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും.
ഇന്ധനവിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും വ്യവസായം മുന്നോട്ടുപോകുന്നതിന് ഈ ഇളവ് മാത്രം പോരെന്ന നിലപാടിലാണ് ബസ് ഉടമകള്‍. ഇന്നു രാത്രി 10നു കോട്ടയത്ത് ബസുടമ പ്രതിനിധികളും ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തുന്നുണ്ട്.
ഡീസലിന് 62 രൂപ വിലയുണ്ടായിരുന്ന 2018ല്‍ നിശ്ചയിച്ച മിനിമം ചാര്‍ജായ എട്ടു രൂപയാണ് ഇപ്പോഴും തുടരുന്നത്. ഡീസലിന് 100 രൂപയ്ക്ക് മുകളില്‍ വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.
ഒപ്പം വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് ആറു രൂപയായി ഉയര്‍ത്തണമെന്നും, കോവിഡ് ഒഴിയുംവരെ സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.