അങ്കമാലി: മേഖലയിൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. കൂലി വർധനവ് ആവശ്യപ്പെട്ട് എല്ലാ തൊഴിലാളി യൂണിയനുകളിലേയും തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. അങ്കമാലി-കാലടി-അത്താണി-കൊരട്ടി മേഖലയിലെ ബസുകൾ ഒന്നടങ്കം പണിമുടക്കിലായതിനാൽ യാത്രക്കാർ ഏറെ വിഷമത്തിലായി. ഉൾപ്രദേശങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടിയത്.
സമാന്തര സർവീസുകാർ ഉൾപ്രദേശങ്ങളെ ഒഴിവാക്കിയത് യാത്രക്കാരെ ഏറെ വലച്ചു. മുൻ കാലങ്ങളിലെ പോലെ ജീപ്പുകൾ ഇല്ലാത്തതിനാൽ സമാന്തര സർവീസുകാർ കുറവായിരുന്നു. ഇരുചക്ര വാഹനങ്ങളിലും മറ്റും ആശ്രയിച്ചാണ് യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്തിയത്.കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഒന്നും തന്നെ നടത്തിയില്ല.
സ്വകാര്യ ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളുടെ കരാർ കാലാവധി മാർച്ച് 20നാണ് അവസാനിച്ചത്. പല വട്ടം അനുരജ്ഞന ചർച്ചകൾ നടന്നെങ്കിലും പരാജയമായിരുന്നു ഫലം. ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിലും തീരുമാനമാകാത്തതിനെ തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോയതെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നു.