തൃശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി നാലു മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കുമെന്ന് ബസുടമകളുടെ സംയുക്ത സമര സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
പൊതുമേഖലയും സ്വകാര്യ മേഖലയും ഒരു പോലെ സംരക്ഷിക്കപ്പെടുന്ന ഗതാഗത നയം രൂപീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. 2018ലാണ് ബസ് ചാർജ് ഇതിനുമുന്‍പ് വർധിപ്പിച്ചത്.
അന്നത്തെ ഡീസൽ വില ഇന്നത്തെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. ഇതുകൂടാതെ ഇൻഷ്വറൻസ്, സ്പെയർപാർട്സ് അടക്കമുള്ളവയ്ക്ക് വൻ വർധനവാണ് വരുത്തിയിരിക്കുന്നത്. സ്വകാര്യ ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം വന്നതിനാലാണ് സമരത്തിനിറങ്ങാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഗതാഗത വകുപ്പു മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തിൽ സംയുക്ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കണ്‍വീനർ ടി.ഗോപിനാഥൻ, കെ.ബി.സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു.