തിരുവനന്തപുരം: ഈ മാസം 22 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരം വീണ്ടും ചർച്ച നടത്താമെന്ന് ബസുടമകൾക്ക് മന്ത്രി ഉറപ്പ് നൽകി. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബസുടമകൾ അറിയിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കാനും മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കാനുമാണ് ബസുടമകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്. വിദ്യാർഥികളുടെ കൺസഷൻ തുക കൂട്ടമെന്നും ആവശ്യമുയർന്നു.