മഞ്ചേരി: സ്വകാര്യ ബസ് സർവീസ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പു സർക്കാർ പാലിച്ചില്ലെങ്കിൽ ഒക്ടോബർ അഞ്ചുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസുടമകൾ. യാത്രാ നിരക്കു വർധനവടക്കമുള്ള ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് മുൻനിർത്തി പരിഗണിക്കുമെന്ന സർക്കാർ ഉറപ്പിനെ തുടർന്നു 14ന് ആരംഭിക്കാനിരുന്ന ബസ് സമരം മാറ്റിവച്ചിരുന്നു.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, 140 കിലോമീറ്ററിനു മുകളിൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കിയ നടപടി പിൻവലിക്കുക, വർധിപ്പിച്ച റോഡ് ടാക്സ് റദ്ദാക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക, വർധിപ്പിച്ച തേർഡ് പാർടി ഇൻഷ്വറൻസ് പ്രീമിയം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്ഫെഡറേഷൻ ഈ മാസം 14ന് അനിശ്ചിത കാല പണിമുടക്കു സമരം പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സമരം മാറ്റിവെക്കുകയായിരുന്നു. സ്വകാര്യ ബസ് സർവീസ് രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് മുൻനിർത്തി മുഴുവൻ ആവശ്യങ്ങളും പരിഗണിക്കാമെന്ന് ചർച്ചയിൽ സർക്കാർ ഉറപ്പു നൽകിയിരിക്കുകയാണ്. ഇതിനായി അടുത്ത മാസം അഞ്ചു വരെ കാത്തിരിക്കും.
വീഴ്ചയുണ്ടായാൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും മറ്റും കണക്കിലെടുത്താൽ സ്വകാര്യ ബസ് സർവീസ് തുടർന്നുകൊണ്ടുപോകാനാവാത്ത നിലയാണെന്നാണ് ബസുടമകളുടെ വാദം.