ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: ദിവസവും ഇന്ധനത്തിനു വില വർധിക്കുന്ന സാഹചര്യത്തിൽ ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നു ചൂണ്ടിക്കാട്ടി ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഒക്ടോബർ ആറിനു തൃശൂരിൽ ചേരുന്ന ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം സമരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.
മിനിമംചാർജ് പത്തു രൂപയാക്കുക അല്ലെങ്കിൽ സമരം എന്നാണ് യോഗത്തിലെ പ്രധാനഅജൻഡ. ഗതാഗത-ധന മന്ത്രിമാരെ കണ്ടു ചർച്ച നടത്തിയെങ്കിലും ഇതുസംബന്ധിച്ചു പഠിക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് 15നകം അടയ്ക്കേണ്ട നികുതി നാല്പതുശതമാനം ബസുടമകൾ മാത്രമാണ് ഇതുവരെ അടച്ചത്. മൂന്നു മാസം കൂടുന്പോൾ 30,000 രൂപയാണു നികുതി അടയ്ക്കേണ്ടത്. സർക്കാർ മൂന്നു പ്രാവശ്യം സമയം നീട്ടി നൽകിയിരുന്നു. അവസാന തീയതി 30ന് അവസാനിക്കും.
ഇതോടെ ബസുകൾക്കു സർവീസ് നടത്താൻ സാധിക്കാത്ത അവസ്ഥ വരുമെന്നു ബസ് കോഓർഡിനേഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ ടി. ഗോപിനാഥ് പറഞ്ഞു. വിലവർധന കാരണം ഡീസലിൽ മാത്രം 1500 രൂപ മുതൽ 2000 രൂപവരെ അധികച്ചെലവുണ്ട്. റോഡു നികുതി ഒഴിവാക്കാൻ ജി ഫോം സമർപ്പിച്ച് അറ്റകുറ്റപ്പണിക്കെന്ന പേരിൽ സംസ്ഥാനത്തു രണ്ടായിരം ബസുകൾ ഷെഡിൽ കയറ്റിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി പരിഷ്കരിക്കുക, മിനിമം ചാർജിനുള്ള ദൂരപരിധി അഞ്ചു കിലോമീറ്ററിൽനിന്നു പകുതിയായി കുറയ്ക്കുക, വിദ്യാർഥികളുടെ യാത്രാനിരക്കു കൂട്ടുക, സ്വകാര്യബസുകളുടെ പ്രായപരിധി 15ൽനിന്ന് 20 വർഷമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നു.