പേരാന്പ്ര/ വടകര : ജില്ലയില്‍ രണ്ട് റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ രാവിലെ മുതൽ പണിമുടക്കുന്നു. കോഴിക്കോട്-കണ്ണൂര്‍ , കോഴിക്കോട് -കുറ്റ്യാടി റൂട്ടുകളിലാണ് പണിമുടക്ക്. അതേസമയം യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇരു റൂട്ടുകളിലും കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ട്.
ചാലിക്കരയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് -കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയത്. ഇന്ന് രാവിലെ മുതല്‍ ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. ഇതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടി. എന്നാല്‍ കെഎസ്ആര്‍ടിസി ഈ റൂട്ടുകളിലേക്ക് അധികസര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ച് സര്‍വീസുകളാണ് ആരംഭിച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഏറെ ആശ്വാസകരമായെന്ന് യാത്രക്കാര്‍ പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ചാലിക്കരിയില് എ.സി.ബ്രദേഴ്സ് ബസിലെ ഡ്രൈവറായ കാവുന്തറ സ്വദേശി വിപിനിനെ ബൈക്ക് യാത്രികനായ യുവാവ് മര്‍ദിച്ചുവെന്നാണ് പരാതി. ബസ് തടഞ്ഞുനിര്‍ത്തിയശേഷം താക്കോലുമായി യുവാവ് പോവുകയായിരുന്നു. ഇത് സംബന്ധിച്ച് പോലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. ഇന്നലെ പോലീസുമായി ജീവനക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്. സമരം ദീര്‍ഘദൂര യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. ട്രെയിനുകളെ ആശ്രയിച്ചും ഹ്രസ്വദൂര ബസുകളില്‍ മാറിക്കയറിയുമാണ് യാത്ര. ഇന്നലെ വൈകുന്നേരം ചില ബസുകള്‍ ഓട്ടം മതിയാക്കിയിരുന്നെങ്കിലും ഇന്നു രാവിലെയാണ് മുഴുവന്‍ ദീര്‍ഘദൂര ബസുകളും സര്‍വീസ് നിര്‍ത്തിവച്ചത്. അതേസമയം തലശേരി, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ അധിക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന കര്ണന് ബസിലെ ഡ്രൈവര്‍ മൃദുല്‍ , കണ്ടക്ടര്‍ അമല്‍ എന്നിവരെയും വടകര സ്റ്റാൻഡിലെ പാസഞ്ചര്‍ ഗൈഡ് ബാബുവിനെയുമാണ് വടകര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വടകര സ്റ്റാൻഡില്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ടതിന്റെ പേരില്‍ പോലീസുകാരനും ബസ് ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ് മിന്നല്‍ പണിമുടക്കിലേക്ക് നയിച്ചത്. കൂടുതല്‍ പോലീസെത്തി ബസ് ജീവനക്കാരേയും പ്രശ്നത്തില്‍ ഇടപെട്ട പാസഞ്ചര്‍ ഗൈഡിനെയും കസ്റ്റഡിയിലെടുത്തു.
വാക്കേറ്റം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ആള് ദൃശ്യം ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നു പറഞ്ഞു മൂന്നു പേര്‍ക്കുമെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയത്. മജിസ്ട്രേറ്റ് ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇതറിഞ്ഞതോടെയാണ് ക്ഷൂഭിതരായ ബസ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നത്. മിന്നല്‍ പണിമുടക്കിന് തൊഴിലാളി സംഘടനകളുമായി ബന്ധമില്ലെന്ന് ഇവര്‍ വ്യക്തമാക്കി.