ഉരുവച്ചാൽ: മട്ടന്നൂരിൽ ബസ് കയറാൻ എത്തിയ വിദ്യാർഥികളെ ബസിൽ കയറ്റാതെ ജീവനക്കാർ പൊരി വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കുട്ടികളെ നിയമവിരുദ്ധമായി ബസിൽ കയറ്റാതിരിക്കുകയും നട്ടുച്ച നേരത്ത് വെയിലത്ത് ഏറെ നേരം നിർത്തുകയും ചെയ്ത സംഭവത്തിൽ മോട്ടോർവാഹന വകുപ്പധികൃതരിൽ നിന്നുമാണ് കമ്മീഷൻ വിശദീകരണം തേടിയത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികളുമായി മുന്നോട്ടു പോകാനാണ് കമ്മീഷന്റെ തീരുമാനം. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന് ചെയർമാൻ പി. സുരേഷ് പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ബന്ധപ്പെട്ട വകുപ്പു മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്