തളിപ്പറമ്പ്: കീഴാറ്റൂരിലേക്ക് കുട്ടികളെ കയറ്റാന്‍ സ്കൂള്‍ ബസുകള്‍ അയക്കുന്നത് വിവിധ സ്കൂള്‍ അധികൃതര്‍ നിര്‍ത്തിവച്ചു. വാഹനങ്ങള്‍ വന്നാല്‍ തടയുമെന്ന് സിപിഎം നിയന്ത്രണത്തിലുള്ള സ്കൂള്‍ സംരക്ഷണസമിതി മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇരു വിഭാഗത്തെയും പോലീസ് ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ വാഹനം അയക്കാന്‍ വിസമ്മതിച്ചതോടെ രക്ഷിതാക്കള്‍ക്ക് രാവിലെ കുട്ടികളെ സ്കൂളില്‍ എത്തിക്കേണ്ട ബാധ്യത വന്നിരിക്കുകയാണ്. രാവിലെ ജോലിക്കു പോകേണ്ട പലരും ജോലി ഉപേക്ഷിച്ച് കുട്ടികളെ സ്കൂളിലെത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള നെട്ടോട്ടത്തിലാണ്.
കുട്ടികള്‍ക്ക് യൂണിഫോമും പുസ്തകവും വാങ്ങുകയും ഫീസും ഡെപ്പോസിറ്റുമൊക്കെ നല്‍കുകയും ചെയ്ത രക്ഷിതാക്കള്‍ക്ക് ഇനി ഇവരെ കീഴാറ്റൂര്‍ സ്കൂളിലേക്ക് മാറ്റിച്ചേര്ക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുക.
സിപിഎം നേതൃത്വത്തിലുള്ള സ്കൂള്‍ സംരക്ഷണസമിതിയുടെ നിലപാടിനെതിരേ വലിയ ജനരോഷമാണ് ഉയര്ന്നുകൊണ്ടിരിക്കുന്നതെങ്കിലും നാട്ടിലെ പൊതുവിദ്യാലയം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അതിന് വേണ്ടതൊക്കെ ചെയ്യുമെന്നുമാണ് ഇവര്‍ പറയുന്നത്. വയല്‍ക്കിളി സമരംകൊണ്ട് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച കീഴാറ്റൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.