പാറശ്ശാല : കേന്ദ്ര മന്ത്രി പൊൻരാധാകൃഷ്ണനെ ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകൾ ഇന്നലെ കേരള-തമിഴ്നാട് അതിർത്തിയിൽ തടഞ്ഞ ബസ് സർവീസ് ഇന്നും പുനരാരംഭിച്ചില്ല. എപ്പോൾ തുടങ്ങുമെന്ന് അധികൃതർക്കും പറയാൻ കഴിയുന്നില്ല.
മന്ത്രിയെ അപമാനിച്ചുവെന്നാരോപിച്ച് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ തക്കലയിലാണ് ആദ്യം കേരളം ബസുകൾ തടഞ്ഞത്. തുടർന്ന് ആറരമണിയോടെ വിവിധ ഹൈദവ സംഘടനകൾ ചേർന്ന് കാളിയിക്കാവിലയിൽ ബസ് തടയുകയായിരുന്നു.
ഇതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചു തമിഴ്നാട് ബസുകൾ കേരളാ അതിർത്തി പ്രദേശമായ ഇഞ്ചിവിളയിൽ തടയുകയായിരുന്നു. ഇതുകാരണം നാഗർകോവിൽ,തിരുവനന്തപുരം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയും ബസ്സിൽ നിന്നും ഇറങ്ങി ഇരുഭാഗത്തേക്കും നടന്നു അടുത്ത ബസുകളിൽ കയറി പോവുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൂടിയാലോചിച്ചു അനിഷ്ട സംഭവങ്ങൾ ഒഴിവാക്കൻ വേണ്ടി ഇരുവിഭാഗത്തെയും സർവീസുകൾ അതിർത്തിയിൽ അവസാനിപ്പിക്കാൻ ധാരണയായി. ഇന്ന് രാവിലെ മുതൽ എത്തിയ യാത്രക്കാരും വിവിധ പ്രദേശങ്ങളിൽ നിന്നും കളിയിക്കാവിള ചന്തയിൽ വന്ന് പച്ചക്കറി വാങ്ങി കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടനുഭവിച്ചു.
ചന്തയിൽ നിന്നും പച്ചക്കറി വാങ്ങി പെട്ടി ആട്ടോകളിൽ ഇഞ്ചിവിളയിൽ എത്തിച്ചു ബസിൽ കയറ്റി പോവുകയായിരുന്നു. അവസരം മുതലെടുത്തു തോന്നും പോലെയാണ് ആട്ടോക്കാർ കാശ് വാങ്ങിയത് വാക്കേറ്റത്തിന് കാരണമായി. മാത്രമല്ല കൈകുഞ്ഞുങ്ങളുമായി എത്തിയ യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഇന്ന് ഇരു മേഖലകളിലേയും എസ് പി മാർ യോഗം ചേർന്ന് ക്രമസമാധാന നില വിലയിരുത്തിയശേഷം ബസ് സർവീസ് പുനരാരംഭിക്കുമെന്നും ഔദ്യാഗിക വൃത്തങ്ങൾ പറഞ്ഞു.