തൃശൂര്‍: രാത്രി എട്ടുകഴിഞ്ഞാല്‍ കണ്ണുകാണാഞ്ഞിട്ടാണോ എന്തോ, തൃശൂര്‍പറപ്പൂര്‍ഗുരുവായൂര്‍ റൂട്ടില്‍ ബസ് ഓടില്ല! ഒരു കൊല്ലത്തോളമായി ഇതങ്ങനെ തന്നെയാണത്രേ. അതെന്താണെന്ന് ഒന്നു പരിശോധിക്കാന്‍ ജനപ്രതിനിധികളോടോ, ആര്‍ടി ഓഫീസിലോ പരാതിപ്പെട്ടാല്‍ ‘ഓ, ആവാം’ എന്ന മറുപടിയാണ്.
ആവുന്നത്ര കാത്തിരുന്നിട്ടും രാത്രി ബസ് വരാതായതോടെ നാട്ടുകാര്‍ ഒരു തീരുമാനമെടുക്കുകയാണ്. രാത്രി എട്ടിനുശേഷം വരാത്തവര്‍ ഇനി ഈ റൂട്ടിലോടണ്ട. നിയമപാലകര്‍ക്ക് കണ്ണും കാതും ഇല്ലാതായതോടെ നിയമം കൈയിലെടുക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. രാത്രികഴിഞ്ഞാല്‍ ഓടാത്തവരെ ഫെബ്രുവരി ഒന്നുമുതല്‍ പറപ്പൂര് പാസഞ്ചേഴ്സ് ആക്്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റോഡില്‍ തടയാനാണ് തീരുമാനം.
രാത്രി എട്ടിനുശേഷം സര്‍വീസ് നടത്താന്‍ മൂന്നു ബസുകള്‍ക്ക് പെര്‍മിറ്റ് ഉണ്ട്. മൂന്നു ബസും എട്ടിനുശേഷം ഓടിയിട്ട് കാലങ്ങളായി. തൃശൂരില്‍നിന്നും കടപൂട്ടി വരുന്നവരും, നിര്‍മാണ ജോലികള്‍ കഴിഞ്ഞും വരുന്ന തൊഴിലാളികളുമാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. ഓട്ടോറിക്ഷയെ ആശ്രയിക്കാതെ പലര്‍ക്കും തരമില്ല. പറപ്പൂര് പാസഞ്ചേഴ്സ് ആക്്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.ഒ. സെബാസ്റ്റ്യന്‍ ആര്‍ടി ഓഫീസിലേക്ക് ബസ് സര്‍വീസ് സംബന്ധിച്ച വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ മൂന്നു ബസുകളെ കുറിച്ചും അധികൃതര്‍ മറുപടി നല്കി.
ചില ഞായറാഴ്ചകളില്‍ ട്രിപ്പുകള്‍ മുടക്കിയതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞെന്നും മറ്റു ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നതായി ബോധ്യപ്പെട്ടുവെന്നുമാണ് എഎംവിഐ നല്കിയ മറുപടി. പരാതി നിരീക്ഷിച്ചുവരുന്നുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിട്ട് കൊല്ലം ഒന്നുകഴിഞ്ഞു. രാത്രി എട്ടുകഴിഞ്ഞാല്‍ റൂട്ടില്‍ ബസില്ലെന്നു മാത്രം.എംഎല്‍എമാരായ അനില്‍ അക്കര, മുരളി പെരുനെല്ലി എന്നിവരെ കാര്യങ്ങള്‍ ബോധിപ്പിച്ചെങ്കിലും ‘ഇപ്പൊ, ശരിയാക്കാം’ എന്ന മറുപടി മാത്രം.
ബാറുകളില്ലാത്തതിനാല് ബസില്‍ കയറാന്‍ ആളില്ലെന്നാണ് ബസുകാരുടെ നിലപാട്. ഓടിക്കാന്‍ കഴിവുണ്ടെങ്കില്‍ ഓടിച്ചോളാന്‍ വെല്ലുവിളിയും. പലപ്പോഴും പരാതിപ്പെടിട്ടും അന്വേഷണമോ, പരിഹാരമോ ഇല്ലാത്തതിനാല്‍ ഒരു കൈ നോക്കാനുള്ള പടപ്പുറപ്പാടില്‍ നാട്ടുകാരും. സമരത്തിനുമുമ്പേ ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് പറപ്പൂര് പാസഞ്ചേഴ്സ് ആക്്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.