ചെന്നൈ: സേലത്തിനടുത്ത് മാമാങ്കം ബൈപാസിൽ ബസുകൾ കൂട്ടിയിടിച്ച് ആറു മലയാളികളടക്കം ഏഴുപേർ മരിച്ചു. 37 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
ഇന്നു പുലർച്ചെ ഒന്നരയോടെയാണ് അപകടം. മരിച്ച ചങ്ങനാശേരി സ്വദേശി ജിം ജേക്കബിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ച മറ്റുള്ളവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളാണെന്നു സൂചനയുണ്ട്.
ബംഗളൂരുവിൽനിന്ന് തിരുവല്ലയിലേക്കു വരികയായിരുന്ന യാത്ര ട്രാവൽസിന്റെ ബസും, സേലത്തുനിന്ന് കൃഷ്ണഗിരിയിലേക്കു പോയിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. കൃഷ്ണഗിരിയിലേക്കു പോയ സ്വകാര്യബസ് റോഡരികിൽ നിർത്തിയിട്ട ലോറിയെ അമിതവേഗത്തിൽ മറികടക്കുന്നതിനിടെ ഡിവൈഡർ മറികടന്നാണ് എതിരേവന്ന യാത്ര ട്രാവൽസ് ബസിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ യാത്ര ബസ് മറിഞ്ഞു. രണ്ടു ബസുകളുടെയും മുൻവശം പൂർണമായും തകർന്ന നിലയിലാണ്. യാത്ര ബസിന്റെ ഡ്രൈവറായ ഈറോഡ് സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു.
അപകടവിവരം അറിഞ്ഞയുടൻ സേലം ജില്ലാ കളക്ടർ രോഹിണിയും മറ്റ് അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചങ്ങനാശേരി എടത്വ സെന്റ് അലോഷ്യസ് കോളജ് കൊമേഴ്സ് വിഭാഗം മുൻ അധ്യാപകൻ ആണ് മരിച്ച എടത്വ കരിക്കംപള്ളിൽ പ്രഫ.ജിംജേക്കബ്. ജിമ്മും ഭാര്യ എസ് ബി ഹൈസ്്കൂൾ അധ്യാപികയായ മിനി ആന്റണിയും കൂടി മകൻ ജെയിംസിന്റെ ജോലിക്കാര്യത്തിനായി ബംഗളൂരുവിൽ പോയി മടങ്ങുന്പോഴാണ് അപകടം സംഭവിച്ചത്. രണ്ടു വർഷം മുൻപാണ് പ്രഫ. ജിം കോളജിൽ നിന്നും വിരമിച്ചത്. മറ്റൊരു മകൻ ആന്റണി ചെന്നയിൽ ഐടി എൻജിനിയറാണ്. ഇവരുടെ കുടുംബം ദീർഘകാലമായി ചങ്ങനാശേരി ഫാത്തിമാപുരത്തിനടുത്താണ് താമസം.
ജിം ജേക്കബിനെ(58) കൂടാതെ ഷാനു (28), ആലപ്പുഴ സ്വദേശികളായ ജോർജ് ജോസഫ്(60) ഭാര്യ അൽഫോൻസ(55) മകൾ ടിനു ജോസഫ്(32) ടിനുവിന്റെ ഭർ ത്താവ് സിജി വിൻസെന്റ്(35) എന്നിവരാണ് മരിച്ച മറ്റു മലയാളികൾ. പരിക്കേറ്റവരിൽ ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ 15 മലയാളികളുണ്ട്. നിസാര പരുക്കേറ്റ നാലു മലയാളികൾ നാട്ടിലേക്കു തിരിച്ചു.