കോഴിക്കോട്: തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്‍ നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് സ്ത്രീയ്ക്കും ഡ്രൈവര്‍ക്കും ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം. മുക്കത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ആക്ട്രോസ് ബസാണ് അപകടത്തില്‍പെട്ടത്.
തൊണ്ടയാട് ജംഗ്ഷനില്‍ സിഗ്നല്‍ മറികടക്കാന്‍ അതിവേഗതിയില്‍ വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറുകയായിരുന്നു. തുടര്‍ന്ന് എതിര്‍ദിശയിലൂടെ ലോഡ് കയറ്റി വരികയായിരുന്ന ടിപ്പറിന് പിറകില്‍ ഇടിച്ചാണ് മറിഞ്ഞത്. എതിര്‍ഭാഗത്തെ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിലും ബസിടിച്ചു. തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ ഐസ് കയറ്റുകയായിരുന്ന തൊഴിലാളി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മറിഞ്ഞ ബസിനടിയില്‍ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. വിവിധ ആശുപത്രികളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു. ബസില്‍ നിന്നൊഴുകിയ ഓയിലും ഡീസലും റോഡില്‍ പരന്നൊഴുകയതിനാല് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
സിഗ്നല്‍ തെളിഞ്ഞതിനാല്‍ വേഗം മറുഭാഗത്തെത്തുന്നതിന് വേണ്ടി അമിത വേഗതയിലായിരുന്നു ബസ് ഓടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് ഭാഗത്ത് നിന്നും മെഡിക്കല്‍കോളജ് ഭാഗത്തേക്കുള്ള സിഗ്നല്‍ തെളിയാത്തതിനാല്‍ ഈ റോഡില്‍ കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നില്ല.
വാഹനങ്ങള്‍ വരുമ്പോഴായിരുന്നു ബസ് നിയന്ത്രണം വിട്ടു മറുഭാഗത്തെ റോഡിലേക്കു കടന്നതെങ്കില്‍ വന്‍ ദുരന്തമായിരുന്നുണ്ടാവുകയെന്ന് സമീപത്തെ കടക്കാര് പറഞ്ഞു. ഒരു വര്‍ഷത്തിനിടെ ഈ ഭാഗത്ത് സമാനമായ രീതിയില്‍ മൂന്നാമത്തെ അപകടമാണിത്.
രണ്ടുവര്‍ഷം മുമ്പ് ജൂണ്‍ 20 ന് ഇതേ സ്ഥലത്ത് ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. മലപ്പുറം എടവണ്ണപാറയില്‍ നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്ന സാന്‍ട്രോ ബസായിരുന്നു അന്ന് തൊണ്ടയാട് ജങ്ഷനില്‍ സിഗ്നല്‍ മറികടക്കാന്‍ അതിവേഗതിയില്‍ വരുന്നതിനിടെയായിരുന്നു അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡറില്‍ കയറിയ ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറുഭാഗത്തെ റോഡിലേക്ക് കടന്നാണ് മറിഞ്ഞത്.