തേഞ്ഞിപ്പലം: പരപ്പനങ്ങാടിയിൽ നിന്നു ഉള്ളണം കൂട്ടുമൂച്ചി വഴി കോട്ടക്കടവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന മിനി ബസുകളിലെ ബാറ്ററികൾ രാത്രിയുടെ മറവിൽ കവർന്നു. വള്ളിക്കുന്ന് ശോഭാ ജംഗ്ഷനു സമീപമുള്ള പരുത്തിക്കാട് നിർത്തിയിട്ട ശ്രീക്കുട്ടി, വിംഗ്സ്, ഭഗവതി ബസിനു പകരം സർവീസ് നടത്തുന്ന ചെന്നൈ എന്നീ ബസുകളിൽ നിന്നാണ് ബുധനാഴ്ച്ച പുലർച്ചെയോടെ മൂന്നു ബാറ്ററികൾ മോഷ്ടിച്ചത്. അതിരാവിലെ ബസുകൾ കഴുകി വൃത്തിയാക്കാനെത്തിയ യുവാവാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്നു ബസ് ജീവനക്കാരെയും ഉടമകളെയും അറിയിക്കുകയായിരുന്നു.
പരാതി പ്രകാരം പരപ്പനങ്ങാടി എസ്ഐയുടെ നേത്യത്വത്തിലുള്ള പോലീസ് പരുത്തിക്കാട് നിർത്തിയിട്ട ബസുകളിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. പ്രദേശത്തെ വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും സിസി ടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിന് മുന്പ് സമാന രീതിയിൽ തിരൂരങ്ങാടി ചെമ്മാട് നിന്നു 14 ബസുകളിലെ ബാറ്ററികൾ രാത്രിയിൽ മോഷ്ടിച്ചിരുന്നു. വള്ളിക്കുന്നിലും ബസിലെ ബാറ്ററി നഷ്ടപ്പെട്ടിരുന്നു. ഈ സംഘം തന്നെയാകാം പരുത്തിക്കാട് നിർത്തിയിട്ട ബസുകളിലെ ബാറ്ററികൾ കവർന്നതെന്നാന്ന് പോലീസ് കരുതുന്നത്.
മൂന്നു ബാറ്ററികൾ കവർന്ന സംഭവത്തിൽ 21000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പരിശോധനയും മറ്റും മൂലം ബസുകൾ സർവീസ് നടത്താത്തതിനാലും ബസ് ഉടമയ്ക്കും ജീവനക്കാർക്കും സാന്പത്തിക നഷ്ടമുണ്ടായി. യാത്രക്കാരും ബുദ്ധിമുട്ടിലായി. ബസുകളിൽ മോഷണം പതിവായതോടെ ബസ് ഉടമകൾ ആശങ്കയിലായിരിക്കുകയാണ്.
മഴക്കാലത്ത് രാത്രി കാലങ്ങളിൽ വിലസുന്ന കവർച്ചാ സംഘത്തെ അമർച്ച ചെയ്യാൻ പോലീസ് രാത്രികാല പട്രോളിംഗ് കാര്യക്ഷമാക്കി കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്