പാലാ: പാലായിൽ ഞായറാഴ്ചകളിൽ പണിമുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെയുള്ള റിപ്പോർട്ട് ഇന്നു ആർടിഒയ്ക്കു സമർപ്പിക്കും.
ഏതാനും നാളുകളായി പാലാ-ഉഴവൂർ, പാലാ-ചക്കാന്പുഴ-രാമപുരം, പാലാ-ഏഴാച്ചേരി-രാമപുരം, ഉഴവൂർ-കോട്ടയം റൂട്ടുകളിലുള്ള മുഴുവൻ സ്വകാര്യബസുകളും ഞായാറാഴ്ചകളിൽ സർവീസ് നടത്തുന്നില്ല. ഇതോടെ നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.
ഞായറാഴ്ചകളിൽ കൂട്ടത്തോടെ സ്വകാര്യബസുകൾ സർവീസ് മുടക്കുന്നതായി കാണിച്ചു ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പരാതി നല്കി.
ഇതോടെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഞായറാഴ്ചകളിൽ സർവീസ് മുടക്കരുതെന്ന് സ്വകാര്യ ബസുകൾക്കു കർശന നിർദേശം നല്കി.
ഉഴവൂർ ജോയിന്റ് ആർടി ഓഫീസിന് കീഴിലും പാലാ ജോയിന്റ് ആർടി ഓഫീസിന് കീഴിലുമുള്ള പ്രദേശങ്ങളിൽ ഗതാഗത വകുപ്പുദ്യോഗസ്ഥർ പരിശോധനയ്ക്കിറങ്ങിയാണ് ബസുകൾക്കു നിർദേശം നല്കിയത്.
എന്നാൽ ഈ നിർദേശം കാറ്റിൽ പറത്തി ഇന്നലെയും ബസുകൾ സർവീസ് നടത്തിയില്ല. ഇതോടെ ഈ റൂട്ടിലോടുന്ന 25 സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
ഇന്നലെ ഉഴവൂർ-രാമപുരം പ്രദേശങ്ങളിൽ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധീഷിന്റെയും പാലായിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയിയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഞായറാഴ്ചകളിൽ യാത്രക്കാർ വളരെ കുറവായതിനാലാണ് സർവീസുകൾ നിർത്തിവയ്ക്കുന്നതെന്നാണ് സ്വകാര്യ ബസുടമകളുടെ ഭാഷ്യം.
എന്നാൽ നിയമപരമായി അധികൃതരുടെ അനുമതിയോടെ മാത്രമേ സർവീസുകൾ നിർത്തിവയ്ക്കാൻ സാധിക്കൂവെന്നും ഒരു ബസുടമയും ഇതിനായി അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് അനധികൃതമായി സർവീസ് നിർത്തിവച്ച ബസുടമകൾക്കെതിരെ കേസെടുത്തതെന്നും അധികൃതർ പറഞ്ഞു.