
കൊച്ചി: മിനിമം ചാര്‍ജ് ഉള്‍പ്പെടെ ബസ് ചാര്‍ജ് പഴയപടിയാക്കിയിട്ടും അറിയാത്ത മട്ടില്‍ ചില സ്വകാര്യ ബസുകള്‍. കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകളാണ് യാത്രികരെ പിഴിഞ്ഞത്.
മേനകയില്‍നിന്നും എറണാകുളം നോര്‍ത്ത് വരെ മിനിമം തുകയായ എട്ട് രൂപയാണ് ബസ് ചാര്‍ജ്. എന്നാല്‍, ഇന്ന് രാവിലെ സര്‍വീസ് നടത്തിയ ചില സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍നിന്നും 12 രൂപ ഈടാക്കി.
പൂത്തോട്ടയില്‍നിന്നും ഹൈക്കോടതി ജംഗ്ഷന്‍വരെ 34 രൂപ ഈടാക്കിയ ബസുകളുമുണ്ട്. കൂടിയ തുക ചോദ്യം ചെയ്തപ്പോള്‍ ചാര്‍ജ് കുറച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയതെന്ന് യാത്രക്കാര്‍ പറയുന്നു.
മുഴുവന്‍ സീറ്റുകളിലും ആളെ കയറ്റിയാണ് ഈ ബസുകള്‍ സര്‍വീസ് നടത്തിയത്. മുഴുവന്‍ സീറ്റുകളിലും യാത്രികരെ കയറ്റാമെന്ന് മനസിലാക്കിയ ജീവനക്കാര്‍ ചാര്‍ജിന്റെ വിവരം മാത്രമാണ് അറിയാത്തതെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, തങ്ങളുടെ കീഴിലുള്ള മുഴുവന്‍ ബസുകളും മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയാണ് സര്‍വീസ് നടത്തുന്നതെന്ന് ഓള് കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു പറഞ്ഞു. മിനിമം ചാര്‍ജ് ഏകപക്ഷീയമായി പഴയപടിയാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദേഹം പറഞ്ഞു.
ബസുകളില്‍ യാത്രികര്‍ നന്നേകുറവാണ്. പലരും ബസുകളില്‍ യാത്ര ചെയ്യാന്‍ മടിക്കുന്നു. നഷ്ടം സഹിച്ചാണ് പല ഉടമകളും ബസ് സര്‍വീസ് മുന്നോട്ട് കൊണ്ടുപോകുന്നത്.
ബസ് യാത്രികരുടെ എണ്ണം പഴയ രീതിയിലേക്ക് എത്തുന്നതുവരെയെങ്കിലും കൂട്ടിയ നിരക്ക് സര്‍ക്കാര്‍ പിന്‍വലിക്കരുതെന്നും അദേഹം ആവശ്യപ്പെട്ടു. അതേസമയം, ബസുകള്‍ കൂടിയ നിരക്കില്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.