കൂത്തുപറമ്പ്: ശ്വാസതടസം അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ.മാനന്തവാടിയിൽനിന്നും മാഹിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാനന്തവാടി സ്വദേശിനിയായ വീട്ടമ്മയെയാണ് മാനന്തവാടി-കണ്ണൂർ റൂട്ടിലോടുന്ന മൊതാൽ ബസ് ജീവനക്കാരും സഹയാത്രികരും ചേർന്ന് അതേ ബസിൽ ആശുപത്രിയിലെത്തിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മകളുടെ മാഹിയിലെ വീട്ടിലേക്കു പോകാനായി രണ്ടു പെൺമക്കൾക്കൊപ്പമാണ് മാനന്തവാടിയിൽനിന്ന് വീട്ടമ്മ ബസിൽ കയറിയത്. ബസ് മാനന്തവാടി ചുരത്തിലെത്തിയയുടൻ ഇവർക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.
ഉടൻ ബസ് ചുരത്തിൽ നിർത്തി ഡ്രൈവർ ബത്തേരി സ്വദേശി പ്രജോയ് കൃത്രിമ ശ്വാസം നൽകുകയും കണ്ടക്ടർ റോബിനും ബസിലുണ്ടായിരുന്ന രണ്ടു നഴ്സുമാരും മറ്റു യാത്രക്കാരും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.
തുടർന്ന് യാത്ര തുടരവെ ബസ് ചിറ്റാരിപ്പറമ്പിലെത്തിയപ്പോൾ വീണ്ടും ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടു.
ഇതോടെ മറ്റു സ്റ്റോപ്പുകളിലൊന്നും നിർത്തി യാത്രക്കാരെ കയറ്റാതെ ബസ് നേരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തുകയായിരുന്നു. ഡോക്ടർ പരിശോധിച്ച് മറ്റു പ്രശ്നങ്ങളൊന്നും ഇവർക്കില്ലെന്ന് ബോധ്യമായി.
തുടർന്ന് ഡ്രൈവർ ബസുമായി യാത്ര പുനരാരംഭിച്ചെങ്കിലും ബന്ധുക്കൾ എത്തുന്നതുവരെ കണ്ടക്ടർ റോബിനും ബസ് യാത്രക്കാരനായ മാഹി സ്വദേശി സഹീറും ആവശ്യമായ സഹായങ്ങൾ ചെയ്ത് ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു.