ഹൂസ്റ്റൺ: ഞരന്പുകളിൽ സാഹസികതയുണ്ടെങ്കിൽ പ്രായം തടസമാകില്ല. വീൽച്ചെയറിനെ ആശ്രയിച്ചിരുന്ന ജോർജ് ബുഷ് 90ാം ജന്മദിനം ആഘോഷിച്ചത് ആകാശച്ചാട്ടം നടത്തി.
രണ്ടാം ലോകമഹായുദ്ധത്തിൽ വിമാനം പറത്തി പോരാടിയ ബുഷിനെ ആകാശവും ഉയരവും എന്നും മോഹിപ്പിച്ചിരുന്നു. ജീവിതത്തിന്റെ സുപ്രധാന മുഹൂർത്തങ്ങൾ ആഘോഷിക്കാൻ അദ്ദേഹം തെരഞ്ഞെടുത്തതും ആകാശം തന്നെ.
75, 80, 85-ാം ജന്മദിനങ്ങളും ആഘോഷിച്ചത് ആകാശത്തുനിന്നു ചാടിയായിരുന്നു. വാസ്കുലാർ പാർക്കിൻസൺസ് (പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മറ്റൊരു രോഗം) ബാധിച്ച ബുഷ് 2012 മുതൽ മോട്ടോർ ഘടിപ്പിച്ച വീൽച്ചെയറിനെ ആശ്രയിച്ചിരുന്നു.
വിരമിച്ചു വീട്ടിലിരുന്നു മുഷിയുന്നവർക്കു പ്രചോദനമാകട്ടെയെന്നു കരുതിയാണ് തന്റെ ചാട്ടങ്ങളെല്ലാമെന്ന് തൊണ്ണൂറാം ജന്മദിനത്തിൽ ബുഷ് പറഞ്ഞിരുന്നു. 2014 ജൂണിൽ 6,000 അടി ഉയരത്തിൽനിന്നായിരുന്നു ആ ചാട്ടം. കുടുംബാംഗങ്ങളുടെ ജന്മദിനാശംസകളോടെ ഹെലികോപ്റ്ററിൽ കയറി. യുഎസ് ആർമിയിലെ പാരഷ്യൂട്ട് ടീമിൽ അംഗമായിരുന്ന മൈക് എലിയറ്റ് ബുഷുമായി താഴത്തേക്കു ചാടി. ഇറങ്ങിയത് മെയ്നിലെ കെന്നെബങ്ക്പോർട്ടിലുള്ള ബുഷിന്റെ വസതിക്കുമുന്നിൽ.
ബുഷിന്റെ ആകാശച്ചാട്ടം തുടങ്ങുന്നതു രണ്ടാം ലോകമഹായുദ്ധകാലത്താണ്. 1944 സെപ്റ്റംബറിൽ ബുഷ് പറത്തിയ വിമാനം ജാപ്പനീസ് സേന വെടിവച്ചിട്ടപ്പോഴായിരുന്നു ആദ്യ ചാട്ടം. 90-ാം ജന്മദിനത്തിലെ ചാട്ടം എട്ടാമത്തേതായിരുന്നു. 95 വയസു തികച്ചിരുന്നെങ്കിൽ ഒരാകാശച്ചാട്ടത്തിനുകൂടി അദ്ദേഹം മുതിർന്നേനെയെന്നു കരുതുന്നവരുണ്ട്.