കോട്ടയം: യാത്രക്കാർ ബസ് വഴിയിൽ തടഞ്ഞ് നിയന്ത്രണമില്ലാതെ അകത്തു കയറി. യാത്രക്കാരെ നിർത്തി സർവീസ് നടത്തിയെന്ന പേരിൽ പലയിടങ്ങളിലും പോലീസ് കേസെടുത്തു.
കോട്ടയം- ചേർത്തല, കോട്ടയം- പാല, കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട തുടങ്ങിയ റൂട്ടുകളിലാണു പോലീസ് കേസെടുത്തത്.
ഒറ്റ, ഇരട്ട നന്പർ മാറിമാറി സർവീസ് നടത്താനുള്ള നിർദേശമാണ് സ്വകാര്യ ബസുടമകൾക്ക് വിനയായിരിക്കുന്നത്. ബസിൽ ആരെയും നിൽക്കാൻ അനുവദിക്കരുതെന്നാണ് നിലവിലെ നിർദേശം.
ബസുകൾ കുറവുള്ള റൂട്ടിൽ രാവിലെയും വൈകുന്നേരവും തിരക്കു സമയത്ത് യാത്രക്കാർ ബസിൽ ബലമായി കയറുന്ന സാഹചര്യമാണ്.
വീടുകളിലും ജോലിസ്ഥലത്തും എത്താൻ മറ്റു മാർഗമില്ലാത്തവർ നിർദേശം അവഗണിച്ച് ബസിൽ കയറുന്പോൾ തിരികെ ഇറക്കുക പ്രായോഗികമല്ല.
കോവിഡ് മേൽനോട്ടത്തിന് നിയോഗിക്കപ്പെട്ട പോലീസുകാർ ഉടമയ്ക്കെതിരേ കേസെടുക്കുകയും ചെയ്യുന്നു. ഇന്ധനച്ചെലവിനുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഭാരിച്ച പിഴ ലഭിക്കുന്നത്.
ഒറ്റനന്പർ ബസുകളാണ് 70 ശതമാനവും എന്നിരിക്കെ ഇരട്ട നന്പർ അനുവദിക്കുന്ന ദിവസങ്ങളിൽ തീരെ കുറച്ചു ബസുകളേ ഓടാനുണ്ടാകൂ.