പത്തനംതിട്ട: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൊതുഗതാഗതം ഭാഗികമായി അനുവദിച്ചെങ്കിലും നിരത്തുകളിലിറങ്ങാന്‍ മടിച്ച് സ്വകാര്യബസുകള്‍.
വെള്ളിയാഴ്ച വളരെ കുറച്ച് ബസുകള്‍ മാത്രമാണ് ജില്ലയില്‍ ഓടിയത്. ഇവയില്‍ പലതും ഉച്ചയോടെ സര്‍വീസ് അവസാനിപ്പിച്ചു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്വകാര്യ ബസുകള്‍ ഒറ്റ, ഇരട്ട നമ്പരുകള്‍ അടിസ്ഥാനമാക്കി ഒന്നിടവിട്ട ദിനങ്ങളില്‍ സര്‍വീസ് നടത്തണം.
പ്രായോഗിക തടസങ്ങളുള്ള നിര്‍ദേശമാണിതെന്ന് സ്വകാര്യബസ് ഉടമകള്‍ പറഞ്ഞു. ബസുകളിലേറെയും ഒറ്റ നമ്പര്‍ രജിസ്ട്രേഷനുള്ളവയാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഓടിയതുകൊണ്ട് റൂട്ടുകളില്‍ യാത്രക്കാരെ കിട്ടില്ല.
ഗ്രാമീണ മേഖലകളിലും ഒറ്റപ്പെട്ട റൂട്ടുകളിലും ഓടുന്ന ബസുകള്‍ ഒന്നിടവിട്ട ദിനങ്ങളില്‍ ഓടിയതുകൊണ്ട കാര്യമായ പ്രയോജനമില്ല.
നിലവില്‍ ജി ഫോം നല്കി കയറ്റിയിട്ടിരിക്കുകയാണ് സ്വകാര്യ ബസുകളേറെയും. ഇവ പുറത്തിറക്കിയാല്‍ നികുതി നല്‍കേണ്ടിവരും. ഇതിനുള്ള വരുമാനം ബസുകള്‍ക്ക് ലഭിക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ പറഞ്ഞു.
ഡീസല്‍ വിലവര്‍ധന മൂലമുള്ള പ്രതിസന്ധിയും സ്വകാര്യബസുകള്‍ നേരിടുന്നുണ്ട്. യാത്രക്കാര്‍ പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ മടിച്ചു നില്ക്കുന്നതിനാല് വരുമാനം കുറയും.
ആദ്യ ലോക്ഡൗണിനുശേഷം നിരത്തില്‍ സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞിരുന്നു. വരുമാനം കുറവായ പല റൂട്ടുകളും ഉപേക്ഷിച്ചു.
യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ അനുവാദമില്ലാത്തതിനാല്‍ നിലവിലെ യാത്രാനിരക്കില്‍ മുന്നോട്ടു പോകാനാകില്ലെന്നും ഉടമകള്‍ പറയുന്നു.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചെങ്കിലും വരുമാനക്കുറവ് അവരെയും ബാധിക്കുന്നുണ്ട്.
എല്ലാ ഷെഡ്യൂളുകളും ഓപ്പറേറ്റ് ചെയ്യാതെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് സര്‍വീസ് നടത്തിവരികയാണ് കെഎസ്ആര്‍ടിസി. ദീര്‍ഘദൂര സര്‍വീസുകളാണ് കൂടുതലായി ആരംഭിച്ചിട്ടുള്ളത്.
യാത്രക്കാരുടെ എണ്ണം ഇന്നു മുതല്‍ വര്‍ധിച്ചേക്കുമെന്ന പ്രതീക്ഷ കെഎസ്ആര്‍ടിസിക്കുണ്ട്.