അഞ്ചല്‍ : കത്തികരിഞ്ഞ നിലയില്‍ ബസുടമയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഞ്ചൽ അഗസ്ത്യക്കോട് തുഷാര ഭവനിൽ ഉല്ലാസ് (45) എന്നയാളുടെ മരണത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്.
ഉല്ലാസ് ആത്മഹത്യ ചെയ്യാന്‍ ഇടയില്ലെന്ന നിലപാടാണ് ഇവര്‍ക്കുള്ളത്. ഉല്ലാസിന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ കഴിഞ്ഞ ദിവസം വഴക്ക് നടന്നതായി നാട്ടുകാരില്‍ ചിലര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
സാമ്പത്തിക ബാധ്യത ഉണ്ടെങ്കിലും ആത്മഹത്യ ചെയ്യാന്‍ തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടയിട്ടില്ലെന്ന് സഹോദരന് ഉന്മേഷ് പറയുന്നു. ഉല്ലാസിന്റെ മരണത്തിലെ ദുരൂഹത അകറ്റണം എന്ന ആവശ്യവുമായി ബസ് ഉടമകളുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് അഞ്ചല്‍ പോലീസ്. റൂറല്‍ പോലീസ് മേധാവി കെ.ബി രവി നേരിട്ടെത്തി സ്ഥലത്ത് പരിശോധന നടത്തി.
കൊല്ലത്ത് നിന്ന് ഫോറന്‍സിക്ക്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
എല്ലാ വശവും അന്വേഷിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തുമെന്നും റൂറല്‍ പോലീസ് മേധാവി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാവിലെ ആറോടെ നാട്ടുകാരാണ് നിര്‍മ്മാണത്തിലുള്ള അഞ്ചല്‍ ബൈപ്പാസില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഉല്ലാസിന്റെ മൃതദേഹം കണ്ടെത്തുന്നത്.