വാഷിംഗ്ടൺ: ജൂലൈ ഒന്നു മുതൽ രാജ്യത്ത് നടപ്പിലാകുന്ന ചരക്കു-സേവന നികുതി (ജിഎസ്ടി) രാജ്യത്തെ മധ്യകാല സാന്പത്തികവളർച്ച എട്ടു ശതമാനമാക്കി ഉയർത്തുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). അതേസമയം രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലുള്ള അസ്വസ്തതയും ഐഎംഎഫ് രേഖപ്പെടുത്തി.
അതിവേഗം വളരുന്ന സാന്പത്തികമേഖലയാണ് ഇന്ത്യയുടേതെന്നാണ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടാവോ ഷാംഗിന്റെ അഭിപ്രായം. ഇപ്പോഴുള്ള ഇന്ത്യയുടെ അതിവേഗ വളർച്ച തുടരുമെന്നാണ് ഐഎംഎഫിന്റെ വിശ്വാസം. 2016-17 സാന്പത്തികവർഷം 6.8 ശതമാനം വളർച്ചയായിരുന്നെങ്കിൽ 2017-18ൽ അത് 7.2 ശതമാനമായി ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ജൂലൈയിൽ ജിഎസ്ടി നടപ്പിലാകുന്നതോടെ ഇന്ത്യയുടെ മധ്യകാല വളർച്ച എട്ടു ശതമാനമായി ഉയരും. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ്വില താഴ്ന്നു നിൽക്കുന്നതും വളർച്ചയ്ക്കു നേട്ടമാകും. ഇത് വിലക്കയറ്റം കുറയ്ക്കുമെന്നാണു വിലയിരുത്തൽ. സാന്പത്തികസ്ഥിരതയ്ക്ക് പണനയവും കാരണമാകുമെന്നും ഐഎംഎഫ് പറയുന്നു.