മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) നിഫ്റ്റി സൂചിക ഇന്നലെ 9300 പോയിന്റ് കടന്നു റിക്കാർഡിട്ടു. മുൻപത്തെ ഉയർന്ന ക്ലോസിംഗ് നില 9273.9 ആയിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകൾ കുതിപ്പിലായി. നിഫ്റ്റി 88.65 പോയിന്റ് കൂടിയാണ് 9306.6-ലെത്തി ക്ലോസ് ചെയ്തത്. ബിഎസ്ഇ സെൻസെക്സ് 287.4 പോയിന്റ് ഉയർന്ന് 29943.24-ൽ ക്ലോസ് ചെയ്തു.
ഇന്നലെ പൊതുവേ കന്പോളങ്ങളെല്ലാം ഉത്സാഹത്തിലായിരുന്നു. തലേന്ന് യൂറോപ്യൻ, അമേരിക്കൻ കന്പോളങ്ങൾ ഉയർച്ച കാണിച്ചതിന്റെ ചുവടു പിടിച്ചാണ് ഏഷ്യൻ കന്പോളങ്ങൾ പ്രവർത്തിച്ചത്. ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ യൂറോ വിരുദ്ധരും തീവ്ര വലതുപക്ഷവും പിന്നിലായതു പല ആശങ്കകളും ഒഴിവാക്കി.
റിലയൻസ് ഇൻഡസ്ട്രീസും തുടർച്ചയായ രണ്ടാംദിവസം മേലോട്ടായിരുന്നു. കന്പനിയുടെ നാലാം ത്രൈമാസ ലാഭം (8046 കോടി രൂപ) റിക്കാർഡായതും എണ്ണശുദ്ധീകരണത്തിലെ ലാഭത്തോത് എട്ടു വർഷത്തെ ഉയർന്ന നിലയിലായതും നേട്ടത്തിനു കാരണമായി.
ഇന്നലെ ക്ലോസിംഗിൽ റിലയൻസിന്റെ മൊത്തം ഓഹരിമൂല്യം 4,68,338.25 കോടി രൂപയാണ്. ഒരു ഇന്ത്യൻ കന്പനിയുടെ മൊത്ത ഓഹരിമൂല്യം ഇത്രയുമാകുന്നത് ഇതാദ്യം. അഞ്ചു വർഷത്തിനു ശേഷം ടിസിഎസിൽനിന്ന് ഏറ്റവും മൂല്യമുള്ള കന്പനി എന്ന പേര് റിലയൻസ് തിരിച്ചുപിടിച്ചതു തിങ്കളാഴ്ചയാണ്.
ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് മെച്ചപ്പെടുന്നതും ഓഹരികളുടെ ഉണർവിനു സഹായിച്ചു. ഡോളർവില 18 പൈസ കുറഞ്ഞ് 64.26 രൂപയായി.ഓഹരികളുടെ കയറ്റം കുറച്ചുകൂടി മുന്നോട്ടു പോകുമെന്നാണ് ഇപ്പോഴത്തെ സൂചന. സെൻസെക്സ് 30,000 എന്ന കടന്പ കടക്കുന്നതിന് ഇനി അധികം കാത്തിരിപ്പു വേണ്ടെന്നാണ് ബ്രോക്കർമാർ പറയുന്നത്.