മുംബൈ: ഡോളറിനും മറ്റു കറൻസികൾക്കും മേൽ രൂപ കരുത്തുകാട്ടുമെന്നു കന്പോളവിലയിരുത്തൽ. പ്രമുഖ ധനകാര്യപത്രം നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഒരു മാസത്തിനകം ഡോളർ 63 രൂപയിലേക്കു താഴുമെന്നു കണക്കാക്കുന്നു. വിദേശനാണ്യ ഡീലർമാരും ഉപദേഷ്ടാക്കളുമാണു സർവേയിൽ പങ്കെടുത്തത്. രൂപ ഉയരുന്നതിന് അനുകൂലമായ നിരവധി ഘടകങ്ങളുണ്ട്.
ഒന്ന്: ഇന്ത്യയിലേക്കു വിദേശനിക്ഷേപ പ്രവാഹം തുടരുന്നു. അമേരിക്കൻ ഫെഡ് അതിവേഗം പലിശ കൂട്ടില്ല എന്നതും ഇന്ത്യയിലെ ഉയർന്ന സാന്പത്തിക വളർച്ചയും ഇവിടം നല്ല നിക്ഷേപസ്ഥലമാണെന്ന വിശ്വാസം പരത്തി. രണ്ട്: ഇന്ത്യ കുറഞ്ഞ പണപ്പെരുപ്പത്തിലൂടെ കടന്നുപോകുന്നു. സർക്കാരിന്റെ ബജറ്റ് കമ്മിയും നിയന്ത്രിതമാണ്. ഇതു പലിശനിരക്കു മിതമായി നിർത്തുന്നു. ഇന്ത്യൻ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ ആൾക്കാർ താത്പര്യമെടുക്കുന്നു.
മൂന്ന്: ഒക്ടോബറിനു ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കൂട്ടാൻ വിദേശ റേറ്റിംഗ് ഏജൻസികൾ തയാറാകും എന്ന സൂചനയുണ്ട്. റേറ്റിംഗ് കൂട്ടുന്നത് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപകരെ ആകർഷിക്കും. ആറു വർഷത്തിനിടയിൽ ആദ്യമായാണ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തുന്നത്.
ഈ അനുകൂല സാഹചര്യങ്ങളോടൊപ്പം റിസർവ് ബാങ്ക് കന്പോളത്തിൽ ഇടപെടാതിരിക്കുന്നതും രൂപയുടെ കയറ്റത്തെ സഹായിക്കുന്നുണ്ട്. രൂപ കരുത്തു നേടുന്നതു തടയേണ്ട എന്ന നിലപാടിലാണു റിസർവ് ബാങ്ക് എന്നു പരക്കെ കരുതപ്പെടുന്നുണ്ട്.2017-ൽ ഇതുവരെ രൂപ 4.8 ശതമാനം നേട്ടമുണ്ടാക്കി. ഒരു മാസത്തിനകം 63 രൂപയിലേക്കു താഴുന്ന ഡോളർവില ജൂണോടെ വീണ്ടും 65 രൂപയിലെത്തുമെന്നാണ് ഇടപാടുകാരുടെ പ്രതീക്ഷ.
ഒരു വർഷംകൊണ്ടു രൂപ പത്തുശതമാനത്തോളമുയർന്നതു കയറ്റുമതിക്കാർക്കും ഐടി സേവന കന്പനികൾക്കും ക്ഷീണം ചെയ്യും. ഐടി കന്പനികൾക്കു മറ്റു കാരണങ്ങളാൽ വരവും ലാഭത്തോതും കുറഞ്ഞ കാലത്താണു രൂപയിൽനിന്നുള്ള ഇരുട്ടടി. മാർച്ചിലവസാനിച്ച ത്രൈമാസത്തിൽ ഐടി കന്പനികൾ മോശം റിസൾട്ടാകും പുറത്തുവിടുക.
രൂപ ശക്തമാകുന്നത് ഇന്ധനമേഖലയിൽ ആശ്വാസമാണ്. ക്രൂഡ് ഓയിലിന്റെ ഇറക്കുമതിച്ചെലവ് കുറയും. പെട്രോളും ഡീസലും പാചകവാതകവും കുറഞ്ഞവിലയ്ക്കു വിൽക്കാം. പൊതു വിലസൂചികയും താഴോട്ടുപോരും.അതേസമയം, റബർ കർഷകർക്കും മറ്റും രൂപയുടെ കരുത്തു ദോഷകരമാകും. ഇറക്കുമതി റബറിന്റെ വില കുറയുന്നതനുസരിച്ച് ആഭ്യന്തര റബറിന്റെ വില ഇടിക്കാനും നീക്കമുണ്ടാകും.